Skip to main content

തിരഞ്ഞെടുപ്പിൽ ഹരിത ചട്ടം കർശനമായി പാലിക്കണം: ജില്ലാ കലക്ടർ 

 

2026 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർണമായും ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ ദേവിദാസ്.  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക പരസ്യങ്ങൾ, സൂചകങ്ങൾ, ബോർഡുകൾ ബാനറുകൾ തുടങ്ങിയവ പ്ലാസ്റ്റിക്, പി.വി.സി ഫ്ളക്സ്, പോളിസ്റ്റർ, കൊറിയൻ ക്ലോത്ത് തുടങ്ങിയവാ ഒഴിവാക്കണം. പുന:ചംക്രമണ സാധ്യത ഇല്ലാത്ത എല്ലാത്തരം സാമഗ്രികളും ഒഴിവാക്കി 100 ശതമാനം കോട്ടൺ, പി.സി.ബി സർട്ടിഫൈ ചെയ്തു പോളി എത്തിലിൻ തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തു‌ക്കൾ  മാത്രമേ പ്രചാരണ പരിപാടികൾക്ക് ഉപയോഗിക്കുവാൻ പാടുള്ളൂ. 

തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റ് എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും പരമാവധി പരിസ്ഥിതി സൗഹൃദ വസ്‌തുക്കളും പുന:ചക്രമണം ചെയ്യാൻ കഴിയുന്ന മറ്റ് വസ്‌തുക്കളും ഉപയോഗിക്കണം.  രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർഥികൾ പ്രചരണത്തിനും അലങ്കാരത്തിനുമായി ഉപയോഗിക്കുന്ന കൊടി തോരണങ്ങൾ പൂർണ്ണമായും പ്ലാസ്റ്റിക്, പി.വി.സി വിമുക്തമാക്കണം.  സമ്മേളനങ്ങൾ, തിരഞ്ഞെടുപ്പ് സംബന്ധിച്ച പരിശീലനങ്ങൾ, തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയവയിൽ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കി ഹരിതചട്ടം പാലിക്കണം.

ഭക്ഷണത്തിന് പ്ലാസ്റ്റിക് പാഴ്‌സലുകൾ ഒഴിവാക്കി പകരം കുടുംബശ്രീ യൂണിറ്റുകൾ മുഖേന വാഴയിലയിലോ പാത്രങ്ങളിലോ ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗിക്കേണ്ടതാണ്.
 പോളിംഗ് സ്റ്റേഷനുകളിലും സ്വീകരണ, വോട്ടെണ്ണൽ കേന്ദ്രങ്ങളിലും വോട്ടെടുപ്പ്, വോട്ടെണ്ണൽ  ദിനങ്ങളിൽ  ജൈവ അജൈവ വസ്തു‌ക്കൾ വെവ്വേറെ നിക്ഷേപിക്കാനുള്ള  ബിന്നുകൾ സ്ഥാപിക്കണം.  വോട്ടെടുപ്പ് അവസാനിച്ചാൽ ഉടൻ അതാത് സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാത്തരം സാമഗ്രികളും ശേഖരിച്ച് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കർമ്മ സേനയ്ക്ക് യൂസർഫി സഹിതം കൈമാറേണ്ടതാണെന്നും ജില്ലാ കലക്ടർ അറിയിച്ചു

date