നിയമസഭ തിരഞ്ഞെടുപ്പ്: വോട്ടുറപ്പിക്കാന്‍ കുടുംബശ്രീയും റസിഡന്റ്‌സ് അസോസിയേഷനുകളും
നിയമസഭാ തിരഞ്ഞെടുപ്പില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ റസിഡന്റ്‌സ് അസോസിയേഷനുകളും കുടുംബശ്രീ യൂണിറ്റുകളും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കുറഞ്ഞ പോളിങ് ശതമാനം രേഖപ്പെടുത്തിയ കോഴിക്കോട് നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളില്‍ പോളിങ് മെച്ചപ്പെടുത്താന്‍ ജില്ലാ ഭരണകൂടവും നഗരസഭയും സംയുക്തമായി കുടുംബശ്രീയുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും യോഗം സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു.
നഗര മേഖലകളിലെ വോട്ടര്‍മാരെ പോളിങ് ബൂത്തുകളിലെത്തിക്കാന്‍ അസോസിയേഷനുകള്‍ സജീവമായി ഇടപെടണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. ഓരോ അസോസിയേഷന്‍ പരിധിയിലും വോട്ടര്‍മാരെ പോളിങ് ബൂത്തിലെത്തിക്കാനുള്ള പ്രത്യേക ക്യാമ്പയിനുകള്‍ നടത്താനും വരും ദിവസങ്ങളില്‍ മുഴുവന്‍ റസിഡന്റ്‌സ് അസോസിയേഷനുകളിലും വോട്ടുത്സവം, അയല്‍പക്ക സംഗമങ്ങള്‍ എന്നിവ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
വോട്ടര്‍ പങ്കാളിത്തം ഉയര്‍ത്തുന്നതിനുള്ള ക്യാമ്പയിനുകളിലെത്തുന്ന കുട്ടികള്‍ക്ക് സ്മാര്‍ട്ട് വോട്ടര്‍ ഇലക്ഷന്‍ പ്രചാരണ ക്വിസ്, ചിത്രരചന മത്സരങ്ങള്‍ സംഘടിപ്പിക്കും. പ്രാദേശിക ഗ്രൂപ്പുകള്‍, പേജുകള്‍ വഴി വോട്ടര്‍ സൗഹൃദ സമൂഹമാധ്യമ മെറ്റീരിയലുകള്‍ തയാറാക്കി പ്രചരിപ്പിക്കും. ഫ്‌ളാറ്റ് -റസിഡന്റ്‌സ് അസോസിയേഷന്‍ നോട്ടീസ് ബോര്‍ഡുകളിലും എല്‍.ഇ.ഡി വാളുകളിലും പ്രസിദ്ധീകരിക്കാവുന്ന പ്രചാരണ പോസ്റ്ററുകളും കൈമാറും. അയല്‍പക്ക സംഗമങ്ങള്‍ക്ക് മുന്നോടിയായി റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനങ്ങളും നടത്തും.
യോഗത്തില്‍ അസിസ്റ്റന്റ് കലക്ടറും സ്വീപ് നോഡല്‍ ഓഫീസറുമായ ഡോ. എസ്. മോഹനപ്രിയ, കോര്‍പറേഷന്‍ സെക്രട്ടറി കെ എസ് ഹരീഷ്, കുടുംബശ്രീ-റസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments