Skip to main content

മതിയായ രേഖകളില്ലാത്ത 71,51,950 രൂപ പിടിച്ചെടുത്തു

 

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 71,51,950 രൂപ പിടികൂടി. രണ്ടു ദിവസങ്ങളിലായി(മാര്‍ച്ച് 29, 30) നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ഇന്നലെ (മാര്‍ച്ച് 29) കുറ്റ്യാടി മണ്ഡലത്തില്‍നിന്ന് 2,52,450 രൂപ, നാദാപുരം  -5,00000 രൂപ, കൊയിലാണ്ടി -2,00000 രൂപ, കുന്ദമംഗലം -19,93,250 രൂപ, കോഴിക്കോട് സൗത്ത് -9,35,000 രൂപ, എലത്തൂര്‍ - 18,16,750 രൂപ, തിരുവമ്പാടി -12,0000 രൂപ, പേരാമ്പ്ര -3,99,000 രൂപ, ബാലുശ്ശേരി -7,95,500 രൂപ എന്നിങ്ങനെയും ഇന്ന്(മാര്‍ച്ച് 30) ബേപ്പൂര്‍ മണ്ഡലത്തില്‍നിന്ന് 1,40,000 രൂപയുമാണ് പിടിച്ചെടുത്തത്.  

തിരഞ്ഞെടുപ്പിന്റെ ചിലവുകള്‍ നിരീക്ഷിക്കുന്നതിനും അനധികൃതമായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കൊണ്ടുപോകുന്ന പണം, ലഹരിവസ്തുക്കള്‍, പാരിതോഷികങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവ പിടിച്ചെടുക്കുന്നതിനുമായി വിവിധ സ്‌ക്വാഡുകള്‍ ഇലക്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എല്ലാ നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും ഫ്‌ളയിങ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും വാഹന പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. മതിയായ രേഖകളില്ലാതെ കൊണ്ടുപോകുന്ന 50,000 രൂപക്ക് മുകളിലുള്ള തുകയും 10,000 രൂപക്ക് മുകളില്‍ മൂല്യമുള്ള സാധന സാമഗ്രികളും പിടിച്ചെടുക്കുമെന്ന് എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്‍ നോഡല്‍ ഓഫീസര്‍ കെ പി മനോജന്‍ അറിയിച്ചു.

date