Skip to main content

നെന്മാറ വല്ലങ്ങി വേല: ഗതാഗത നിയന്ത്രണം

 

നെന്മാറ വല്ലങ്ങി വേലയോടനുബന്ധിച്ച് ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ ടൗണിലും പരിസര പ്രദേശങ്ങളിലും പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. സാമ്പിള്‍ വെടിക്കെട്ട്, താലപ്പൊലി, വേല ആഘോഷങ്ങള്‍ എന്നിവ പ്രമാണിച്ച് ജനത്തിരക്ക് നിയന്ത്രിക്കുന്നതിനാണ് ക്രമീകരണം. സാമ്പിള്‍ വെടിക്കെട്ട് നടക്കുന്ന ഏപ്രില്‍ രണ്ടിന് വൈകീട്ട് അഞ്ച് മുതല്‍ രാത്രി ഒന്‍പത് വരെ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. ഈ സമയത്ത് കൊല്ലങ്കോട് ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങള്‍ കോവിലാമുക്ക് വഴി തിരിഞ്ഞു പോകണം. തൃശൂര്‍ ഭാഗത്ത് നിന്നുള്ളവ ചിറ്റിലഞ്ചേരിയില്‍ നിന്ന് ആലത്തൂര്‍ വഴിയും പാലക്കാട് ഭാഗത്ത് നിന്നുള്ളവ പല്ലാവൂരില്‍ നിന്ന് തിരിഞ്ഞ് കുനിശ്ശേരി വഴിയും പോകേണ്ടതാണ്. നെന്മാറയിലേക്ക് വരുന്ന വാഹനങ്ങളെ ചേരാമംഗലത്ത് നിന്ന് ആയിനംപാടം ഭാഗത്തേക്കും, അയിലൂരില്‍ നിന്നുള്ളവയെ കൈപ്പഞ്ചേരി വഴി എന്‍.എസ്.എസ് കോളേജ് ഭാഗത്തേക്കും തിരിച്ചുവിടും.

വേല ദിവസമായ ഏപ്രില്‍ മൂന്നിന് രാവിലെ 11  മുതല്‍ ഏപ്രില്‍ നാലിന് രാവിലെ എട്ട് വരെ ചെറുതും വലുതുമായ എല്ലാ വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും. കൊല്ലങ്കോട് വഴി വരുന്ന വാഹനങ്ങള്‍ കോവിലാമുക്ക് വഴി തിരിഞ്ഞു പോകണം. തൃശൂര്‍ ഭാഗത്ത് നിന്നുള്ള ഗതാഗതം ചിറ്റിലഞ്ചേരിയില്‍ നിന്ന് കുനിശ്ശേരി വഴി തിരിച്ചുവിടും. പാലക്കാട്, ചേരാമംഗലം വഴി നെന്മാറയിലേക്ക് വരുന്ന വാഹനങ്ങള്‍ പല്ലാവൂര്‍ വഴി കുനിശ്ശേരി ഭാഗത്തേക്ക് പോകേണ്ടതാണ്. അയിലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ കായഞ്ചേരി വഴി എന്‍.എസ്.എസ് കോളേജ് ഭാഗത്തേക്ക് തിരിഞ്ഞു പോകണം. ചാത്തമംഗലം, പോത്തുണ്ടി ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ അളവുശ്ശേരിയില്‍ പോലീസ് നിയന്ത്രിക്കും. ആഘോഷങ്ങള്‍ സുഗമമായി നടത്തുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും പൊതുജനങ്ങള്‍ പോലീസുമായി പൂര്‍ണമായും സഹകരിക്കണമെന്ന് നെന്മാറ പോലീസ് അറിയിച്ചു.

date