Skip to main content

വോട്ട് രേഖപ്പെടുത്താം ആത്മവിശ്വാസത്തോടെ: പോളിംഗ് സ്റ്റേഷനിലെ നടപടിക്രമങ്ങൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് സ്റ്റേഷനുകളിലെ നടപടിക്രമങ്ങൾ സുതാര്യവും ലളിതവുമാണ്. ക്യൂവിൽ നിൽക്കുന്നത് മുതൽ വോട്ട് രേഖപ്പെടുത്തുന്നത് വരെയുള്ള പ്രധാന ഘട്ടങ്ങൾ താഴെ പറയുന്നവയാണ്:

വോട്ടിംഗിന്റെ പ്രധാന ഘട്ടങ്ങൾ:

തിരിച്ചറിയൽ പരിശോധന: 

സമതിദായകർ ക്യൂവിൽ നിന്നും  പോളിംഗ് സ്റ്റേഷനിൽ പ്രവേശിക്കുമ്പോൾ ആദ്യത്തെ ഓഫീസർ വോട്ടർ പട്ടികയിലെ പേരും വോട്ടറുടെ തിരിച്ചറിയൽ രേഖയും പരിശോധിച്ച് ഉറപ്പുവരുത്തും.

മഷി അടയാളം: 

പരിശോധനയ്ക്ക് ശേഷം ഓഫീസർ വോട്ടറുടെ ഇടതുകൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുകയും വോട്ട് രേഖപ്പെടുത്താനുള്ള സ്ലിപ്പ് നൽകുകയും ചെയ്യും. ഈ ഘട്ടത്തിൽ വോട്ടർ രജിസ്റ്ററിൽ ഒപ്പിടണം.

രണ്ടാംഘട്ട പരിശോധന:

 അടുത്ത ഓഫീസർ വോട്ടറിൽ നിന്ന് സ്ലിപ്പ് സ്വീകരിക്കുകയും വിരലിലെ മഷി അടയാളം ഒരിക്കൽ കൂടി പരിശോധിക്കുകയും ചെയ്യും.

വോട്ട് രേഖപ്പെടുത്തൽ: 

വോട്ടിംഗ് കമ്പാർട്ട്‌മെന്റിൽ പ്രവേശിച്ച് വോട്ടർക്ക് തങ്ങൾ താൽപ്പര്യപ്പെടുന്ന സ്ഥാനാർത്ഥിക്കോ 'നോട്ട'ക്കോ (NOTA) വോട്ട് രേഖപ്പെടുത്താം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ (EVM) ബട്ടൺ അമർത്തുമ്പോൾ ചുവന്ന ലൈറ്റ് തെളിയുകയും 'ബീപ്' ശബ്ദം കേൾക്കുകയും ചെയ്യുന്നതോടെ വോട്ട് രേഖപ്പെടുത്തിയതായി ഉറപ്പിക്കാം.

നോട്ട

സ്ഥാനാർത്ഥികളിൽ ആരെയും താൽപ്പര്യമില്ലാത്തവർക്കായി 'ഇവരിലാരുമല്ല' (NOTA) എന്ന ഓപ്ഷൻ മെഷീന്റെ ഏറ്റവും താഴെ ലഭ്യമാണ്. വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെ എല്ലാ ബൂത്തുകളിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

മൊബൈൽ ഫോണുകൾക്ക് നിയന്ത്രണം

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി പോളിംഗ് സ്റ്റേഷനകത്തേക്ക് മൊബൈൽ ഫോണുകൾ അനുവദിക്കില്ല. വോട്ടർമാരുടെ സൗകര്യാർത്ഥം ഫോണുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ സ്റ്റേഷനുകൾക്ക് പുറത്ത് പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.

date