വേനല്‍ക്കാലത്തെ പാമ്പ് ശല്യം : പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം-ഡി.എം.ഒ
കടുത്ത വേനല്‍ച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പാമ്പുകള്‍ തണുപ്പ് തേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മുന്‍കരുതലുകള്‍ ഇപ്രകാരമാകണം
വീടിനോട് ചേര്‍ന്നുള്ള പുല്‍ക്കാടുകള്‍, കരിയിലക്കൂട്ടങ്ങള്‍, വിറക് കൂട്ടിയിട്ടിരിക്കുന്ന ഇടങ്ങള്‍ എന്നിവ കൃത്യമായി വൃത്തിയാക്കുക.
വീടിന്റെ വാതിലുകള്‍ക്കും ജനാലകള്‍ക്കും താഴെയുള്ള വിടവുകള്‍ അടയ്ക്കുക.
ചൂട് കാരണം ജനലുകള്‍ തുറന്നിടുമ്പോള്‍ നെറ്റുകള്‍ (Nets) ഉപയോഗിക്കുന്നത് പാമ്പുകള്‍ ഉള്ളില്‍ കടക്കുന്നത് തടയാന്‍ സഹായിക്കും.
ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി ഇടുന്നത് ഒഴിവാക്കണം. അത്തരത്തില്‍ ചെയ്യുന്നത് എലികളെ ആകര്‍ഷിക്കുകയും എലികളെ തേടി പാമ്പുകള്‍ വീടിനുള്ളില്‍ എത്തുന്നതിനും കാരണമാകും.
രാത്രിയില്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ടോര്‍ച്ച് കരുതണം.
ചെരുപ്പുകള്‍ വീടിന്പുറത്ത് അഴിച്ചു വയ്ക്കുന്നവര്‍ അവ ധരിക്കുന്നതിന് മുമ്പ് പാമ്പുകള്‍ കയറിയിരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി നന്നായി കുടഞ്ഞു നോക്കണം.
വേനല്‍ക്കാലത്ത് തറയില്‍ പായ വിരിച്ച് ഉറങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളിക്കെട്ടന് (Krait) പോലുള്ള പാമ്പുകള്‍ തണുപ്പ് തേടി കിടക്കയിലേക്ക് കയറാന്‍ സാധ്യതയുണ്ട്. കട്ടിലിലോ കൊതുകുവലയ്ക്കുള്ളിലോ ഉറങ്ങുന്നതാണ് സുരക്ഷിതം.
വീടിന്റെ വരാന്തയിലും ഉമ്മറത്തും വച്ചിരിക്കുന്ന ചെടിച്ചട്ടികള്‍ക്കിടയില്‍ നനവും തണുപ്പും ഉള്ളതിനാല്‍ പാമ്പുകള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണം.
പാമ്പ് കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ ഇപ്രകാരം
പാമ്പ് കടിയേറ്റാല്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വിഷം വ്യാപിക്കുന്നത് പരമാവധി തടയുന്നതിനുളള പ്രഥമ ശുശ്രൂഷയാണ് പ്രാഥമികമായി ചെയ്യേണ്ടത്. പാമ്പ് കടിയേറ്റെന്ന് മനസ്സിലായാല്‍ ഒരു കാരണവശാലും പരിഭ്രാന്തരാകുകയോ കടിയേറ്റ വ്യക്തിയെ പേടിപ്പിക്കുകയോ ചെയ്യരുത്. പേടിച്ചാല്‍ രക്തയോട്ടം കൂടുകയും അതുവഴി വിഷം ശരീരത്തില്‍ പെട്ടെന്ന് വ്യാപിക്കുകയും ചെയ്യും.
ശരീരം അനക്കാതെ സൗകര്യപ്രദമായി വ്യക്തിയെ ഇരുത്തുക . ബോധം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ തറയില്‍ ചരിച്ചു കിടത്തണം. ശാന്തത പാലിച്ച് കടിയേറ്റ വ്യക്തിക്ക് ധൈര്യം കൊടുക്കണം.
മുറിവുള്ള ഭാഗം (അല്ലെങ്കില്‍ കടിയേറ്റ ഭാഗം) ഒന്നും ചെയ്യരുത്. ചെരിപ്പുകള്‍, ബെല്‍റ്റ്, മോതിരങ്ങള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ അല്ലെങ്കില്‍ ഇറുകിയ വസ്ത്രങ്ങള്‍ എന്നിവ മുറിവേറ്റ ഭാഗത്ത് നിന്നും മാറ്റുക. പാമ്പ് കടിയേറ്റ വ്യക്തിയെ ഇടതുവശം ചെരിഞ്ഞ്, വലതു കാല് വളച്ച്, കൈകളില്‍ മുഖം ചേര്‍ത്ത് കിടത്തണം. മുറിവിന് മുകളിലായി കയറോ, തുണിയോ മുറുക്കി കെട്ടേണ്ടതില്ല, ഇത് രക്തയോട്ടം തടസ്സപ്പെടുത്തി കോശങ്ങള്‍ നശിക്കുന്നതിന് കാരണമാകും. കടിയേറ്റ ആളെ എത്രയും വേഗം ആന്റി സ്നേക്ക് വെനം (ASV) ലഭ്യമായ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കണം.
ജില്ലയില്‍ വിഷ ചികിത്സ ലഭ്യമായ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ ചുവടെ കൊടുക്കുന്നു
പാലക്കാട് ജില്ലാ ആശുപത്രി
പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ഗവ.ആശുപത്രി
പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ്
മണ്ണാര്‍ക്കാട,് ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി താലൂക്ക് ആശുപത്രികള്‍
അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി കോട്ടത്തറ (ATTSH).
- Log in to post comments