അടിയന്തിര ഘട്ടത്തിൽ അംഗീകൃത പാമ്പ് രക്ഷാപ്രവർത്തകരെ വിളിക്കാം ഫോൺ : 18004254733
സംസ്ഥാനത്താകെ ആയിരത്തി ഇരുനൂറിൽപരം അംഗീകൃത പാമ്പ് രക്ഷാപ്രവർത്തകർ ഉണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ ദ്രുതഗതിയിലുള്ള പ്രതികരണത്തിന് അവർ സജ്ജരാണ്. കെട്ടിടത്തിന് സമീപത്തോ അകത്തോ വിഷപ്പാമ്പിനെ കണ്ടാൽ കേരള വനം വകുപ്പിന്റെ സാക്ഷ്യപ്പെടുത്തിയ രക്ഷാപ്രവർത്തകരുമായി ബന്ധപ്പെടുക. 18004254733 (24 മണിക്കൂർ ടോൾ ഫ്രീ നമ്പർ) ൽ വിളിക്കാം. അവർ ഉടൻ സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി നീക്കം ചെയ്യും.
പാമ്പുകടിയേറ്റാൽ അടിയന്തര സഹായം ഉറപ്പാക്കാനായി വനം വകുപ്പിന്റെ 'സർപ്പ' ആപ്പ്
പാമ്പുകടിയേറ്റാൽ അടിയന്തര സഹായം ഉറപ്പാക്കാനായി കേരള വനംവകുപ്പ് സജ്ജമാക്കിയ ആപ്പാണ്'സർപ്പ' (SARPA-Snake Awareness Rescue and Protection App). പാമ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണം, ശാസ്ത്രീയ രീതിയിലുള്ള രക്ഷപ്പെടുത്തൽ, വിദഗ്ധ ചികിത്സ എന്നിവ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാകുന്നു. പാമ്പിനെ കണ്ടാലുടൻ ആപ്പിലൂടെ റിപ്പോർട്ട് ചെയ്യുന്നതോടെ വനംവകുപ്പിന്റെ പരിശീലനം ലഭിച്ച അംഗീകൃത വോളണ്ടിയർമാരുടെ സേവനം ലഭ്യമാകും. ഇത് പാമ്പുകളെ ഉപദ്രവിക്കാതെ സുരക്ഷിതമായി പിടികൂടി കാട്ടിലേക്ക് അയക്കാൻ സഹായിക്കുന്നു.
അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാനുള്ള നിർണ്ണായക വിവരങ്ങളും സർപ്പ ആപ്പ് കൈമാറുന്നുണ്ട്. പാമ്പുകടിയേറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളെക്കുറിച്ചുള്ള ശാസ്ത്രീയമായ മാർഗനിർദ്ദേശങ്ങളും ആപ്പിൽ ലഭിക്കും. കൂടാതെ, ഏറ്റവും അടുത്തുള്ള ഏത് ആശുപത്രിയിലാണ് ആന്റിവെനം ലഭ്യമായിട്ടുള്ളതെന്ന് തത്സമയം കണ്ടെത്താനുള്ള സൗകര്യവും ആപ്പിൽ ലഭിക്കും.
പാമ്പ് കടിയേൽക്കുന്ന സാഹചര്യത്തിൽ ഉടനടി ശരിയായ ചികിത്സ നൽകേണ്ടതുണ്ട്. കടിയേറ്റ് രക്തത്തിൽ കലർന്ന പാമ്പിൻവിഷം നിർവീര്യമാക്കാൻ അടിയന്തിരമായി നൽകുന്ന ആന്റിവെനത്തിന് മാത്രമേ കഴിയൂ.
ഈ സൗകര്യങ്ങൾ ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ് SARPA ആപ്പിൽ ലഭ്യമാണ്
- Log in to post comments