Skip to main content

വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

 മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരണപ്പെട്ട സുവിന്റെ വീടു സന്ദര്‍ശിച്ചും അപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ട കരാറുകാരന്‍ സതീഷിന്റെ ഭൗതിക ദേഹത്തില്‍ പുഷ്പം സമര്‍പ്പിച്ചും ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വെടിക്കെട്ട് അപകടത്തില്‍ മരണമടഞ്ഞ സുവിന്റെ മൃതശരീരം അപകട ദിവസം തന്നെ കണ്ടെത്തുകയും തൊട്ടടുത്ത ദിവസം സംസ്‌കാരം നടത്തുകയും ചെയ്തിരുന്നു. ഭാര്യയും മകനും അച്ഛനും അമ്മയും മാത്രമുള്ള കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു സുവിന്‍. സ്‌പ്രേ പെയിന്റിങ് തൊഴിലാളിയായിരുന്ന സുവിന്‍ പൂര സീസണുകളില്‍ മാത്രമാണ് വെടിക്കെട്ട് ജോലികള്‍ക്കായി പോയിരുന്നത്. സുവിന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി സംസാരിച്ച് എല്ലാവിധ പിന്തുണയും സഹായവും ജില്ലാ കളക്ടര്‍ ഉറപ്പു നല്‍കി.
 

അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് കരാറുകാരന്‍ എം.പി സതീശന് മുണ്ടത്തിക്കോട് ഡി.വി.എല്‍.പി സ്‌കൂളിലെ പൊതുദര്‍ശനത്തില്‍ ജില്ലാ കളക്ടര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അപകടത്തെത്തുടര്‍ന്ന് 90 ശതമാനത്തിലധികം പൊള്ളലേറ്റ സതീശന്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സതീശന്റെ മരണം സംഭവിച്ചത്. വെടിക്കെട്ട് അപകടത്തില്‍ മരണപ്പെട്ട മണികണ്ഠന്‍, അപകടത്തില്‍ കാണാതായ ഗിരി എന്നിവരുടെ വീടുകളിൽ ഏപ്രില്‍ 24 ന് ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചിരുന്നു.

date