Skip to main content

തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ: എൻകോർ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തുന്നതിന് പരിശീലനം നൽകി

മേയ് നാലിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ഭാഗമായി ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലെ വരണാധികാരികൾക്കും (ആർ ഒ) തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും എൻകോർ (ENCORE) സോഫ്റ്റ്‌വെയറിൽ വോട്ട് എണ്ണൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ പരിശീലനം നൽകി. 

നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ (എൻ ഐ സി) ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ സമയബന്ധിതമായും സുഗമമായും സുതാര്യത കാത്തുസൂക്ഷിച്ചും വോട്ടെണ്ണൽ പൂർത്തിയാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികൾ വിശദീകരിച്ചു.

എൻകോർ സോഫ്റ്റ്‌വെയറിലൂടെ ലോഗിൻ ചെയ്യേണ്ട രീതി, വോട്ടെണ്ണൽ റൗണ്ടുകളും ടേബിളുകളും ക്രമീകരിക്കുന്ന വിധം, തിരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിക്കേണ്ട നടപടി ക്രമങ്ങൾ,  ഫലം പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്ന രീതി തുടങ്ങിയ സാങ്കേതിക കാര്യങ്ങൾ പരിശീലനത്തിൽ വിശദീകരിച്ചു. ഒരേസമയം മൂന്ന് തരത്തിലായിരിക്കും വോട്ടെണ്ണൽ കേന്ദ്രത്തിൽ വോട്ടുകളുടെ എണ്ണം കുറിക്കുന്നത്. എൻകോർ സോഫ്റ്റ്‌വെയർ കൂടാതെ, കമ്പ്യൂട്ടറിൽ എക്സൽ ഷീറ്റിലും പേപ്പറിൽ മാനുവലായും ലഭിച്ച വോട്ടുകൾ രേഖപ്പെടുത്തും.

 ഇവ കൃത്യമായി ഒത്തുനോക്കിയ  ശേഷമായിരിക്കും ഓരോ റൗണ്ടിലെയും ഫലം പ്രഖ്യാപിക്കുക.അരൂർ, ചേർത്തല, ആലപ്പുഴ എൽ.എ.സി.കളുടെ വോട്ടെണ്ണൽ കേന്ദ്രം സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസിലും, അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളുടേത് എസ്.ഡി. കോളേജിലും, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളുടേത് ബിഷപ്പ് മൂർ കോളേജിലുമാണ്  പ്രവർത്തിക്കുന്നത്. 

ജില്ലാ ഇൻഫോർമാറ്റിക്സ് ഓഫീസർ കെ.കെ. മോഹനൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. 

ഉച്ചയ്ക്ക് ശേഷം സർവീസ് വോട്ടേഴ്സിൻ്റെ വോട്ടുകളുടെ പ്രാഥമിക പരിശോധനയ്ക്ക്( വാലിഡേഷന്) നിയോഗിച്ച  ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനവും നടന്നു. 

date