Skip to main content

വോട്ടെണ്ണലിനായി 874 പേർ; ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികൾക്കായി കൗണ്ടിങ് സൂപ്പർവൈസർമാർ, കൗണ്ടിങ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ എന്നിവരെ നിയമിക്കുന്നതിനുള്ള രണ്ടാം ഘട്ട റാൻഡമൈസേഷൻ നടപടികൾ പൂർത്തിയായി.  ജില്ലാ കളക്ടർ കെ. ഇമ്പശേഖറിൻ്റെ നേതൃത്വത്തിലാണ് നടപടികൾ നടത്തിയത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ഓർഡർ പോർട്ടൽ' വഴിയാണ് നിയമന നടപടികൾ ഏകോപിപ്പിക്കുന്നത്. റാൻഡമൈസേഷൻ പ്രകാരം വോട്ടെണ്ണൽ ജോലികൾക്കായി കൗണ്ടിങ് സൂപ്പർവൈസർമാരും അസിസ്റ്റന്റുമാരും മൈക്രോ ഒബ്സർവർമാരും ഉൾപ്പെടെ 874 പേരുടെ വിപുലമായ ഉദ്യോഗസ്ഥനിര സജ്ജമായി.

​അരൂർ, ചേർത്തല, ആലപ്പുഴ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കേന്ദ്രം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിലും അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളുടേത് എസ്.ഡി. കോളേജിലും ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളുടേത് മാവേലിക്കര ബിഷപ്പ് മൂർ കോളേജിലുമാണ് പ്രവർത്തിക്കുന്നത്.

വോട്ടെണ്ണൽ മേയ് നാലിന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളും പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ (ഇ.വി.എം) വോട്ടുകളുമാണ് എണ്ണി തുടങ്ങുക.

തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരുടെയും സ്ഥാനാർഥികൾ/ഏജന്റുമാർ എന്നിവരുടെയും സാന്നിധ്യത്തിലാണ് വോട്ടെണ്ണൽ നടക്കുക. ഓരോ മണ്ഡലത്തിലെയും വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണുന്നതിന് 14 ടേബിളുകൾ വീതവും, പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിന് ഓരോ മണ്ഡലത്തിലെയും ബാലറ്റുകളുടെ എണ്ണം അടിസ്ഥാനമാക്കി ആവശ്യമായ ടേബിളുകളും വോട്ടെണ്ണൽ കേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

date