* ഹയർ സെക്കൻഡറിയിൽ ജില്ലയ്ക്ക് 72.72 ശതമാനം വിജയം, വി.എച്ച്.എസ്.ഇയിൽ സംസ്ഥാനത്ത് ഒന്നാമത്*
ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയ്ക്ക് 72.72 ശതമാനം വിജയം. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയർന്ന വിജയ ശതമാനമായ 87.30 ആണ് വയനാട് ജില്ലയ്ക്ക് ലഭിച്ചത്. ഹയർ സെക്കൻഡറിയിൽ വിവിധ സ്ട്രീമുകളിലായി 636 പേർ എല്ലാ വിഷയങ്ങളിൽ എ പ്ലസ് ഗ്രേഡ് നേടി. ജില്ലയിലെ 60 ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്ന് രജിസ്റ്റർ ചെയ്ത 9411 വിദ്യാർത്ഥികളിൽ 9289 പേരാണ് പരീക്ഷയെഴുതിയത്. ഇവരിൽ 6755 പേർ ഉപരിപഠനത്തിന് അർഹത നേടി. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ ജില്ലയിൽ നിന്ന് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 463 പേരിൽ 452 പേർ പരീക്ഷയെഴുതുകയും 310 പേർ ഉപരിപഠനത്തിന് യോഗ്യത നേടുകയും ചെയ്തു. 68.58 ശതമാനമാണ് ഓപ്പൺ സ്കൂൾ വിഭാഗത്തിലെ വിജയം. അഞ്ച് പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും ചെയ്തു.
ജില്ലയിൽ മൂന്ന് സ്കൂളുകളാണ് ഹയർ സെക്കൻഡറിയിൽ 100 ശതമാനം വിജയം നേടിയത്. 49 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ അമ്പുകുത്തി എം.ജി.എം എച്ച്.എസ്.എസ്, എട്ട് വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ എടത്തന ഗവ. ടി.എച്ച്.എസ്.എസ്, 14 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ പൂമല സെന്റ് റോസല്ലാസ് സ്പീച്ച് ആന്റ് ഹിയറിങ് എച്ച്.എസ്.എസ് എന്നീ വിദ്യാലയങ്ങളാണ് 100 ശതമാനം വിജയം നേടിയത്. ഇതിനുപുറമെ 11 സ്കൂളുകളിൽ 90 ശതമാനത്തിന് മുകളിൽ വിജയമുണ്ട്. 15 സ്കൂളുകളാണ് 80 ശതമാനത്തിലധികം വിജയം നേടിയത്. ജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ മീനങ്ങാടി ഗവ. എച്ച്.എസ്.എസിന് 89.38 ശതമാനമാണ് വിജയം. ഇവിടെ പരീക്ഷയെഴുതിയ 320 പേരിൽ 286 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി.
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജില്ലയിലെ 10 സ്കൂളുകളിൽ നിന്ന് ആകെ പരീക്ഷയെഴുതിയ 740 പേരിൽ 646 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 87.30 ശതമാനമാണ് ജില്ലയുടെ വിജയം. സംസ്ഥാനത്ത് ഏറ്റവും കുറച്ച് പേർ വി.എച്ച്.എസ്.ഇ പരീക്ഷയെഴുതിയത് വയനാട് ജില്ലയിൽ നിന്നായിരുന്നു. ജില്ലയിൽ ഒരു വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനാണ് നൂറുമേനി വിജയമുള്ളത്. 59 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ മാനന്തവാടി ഗവ. വി.എച്ച്.എസ്.എസിനാണ് 100 ശതമാനം വിജയം. വാകേരി ഗവ. വി.എച്ച്.എസ് 97.73 ശതമാനവും വെളിയമ്പ്രം ദേവി വിലാസം വി.എച്ച്.എസ്.എസ് 96.36 ശതമാനവും വിജയം നേടി. ജില്ലയിൽ ഏറ്റവുമധികം കുട്ടികൾ പരീക്ഷയെഴുതിയ അമ്പലവയൽ ഗവ. വി.എച്ച്.എസ്.എസിന് 92.31 ശതമാനമാണ് വിജയം. ഇവിടെ പരീക്ഷയെഴുതിയ 117 പേരിൽ 108 പേരും ഉപരിപഠനത്തിന് അർഹത നേടി.
- Log in to post comments