Skip to main content

സ്ട്രീം ഗവേഷണ പ്രൊജക്ടുകള്‍ പുസ്തകങ്ങളാകുന്നു

സമഗ്രശിക്ഷാ കേരളം കണ്ണൂര്‍ ജില്ലയിലെ സ്ട്രീം ഗവേഷണ പ്രൊജക്ടുകള്‍ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുന്നു. സ്ട്രീം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളുടെ നേതൃത്വത്തില്‍ 75 പ്രൊജക്ടുകളാണ് തയ്യാറാക്കിയത്. വിദ്യാഭ്യാസരംഗത്ത് ദീര്‍ഘവീക്ഷണത്തോടെ നടപ്പിലാക്കിയ പരിപാടിയാണ് സ്ട്രീം എക്കോസിസ്റ്റം. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

കുട്ടികളുടെ നേതൃത്വത്തില്‍ അറിവ് സ്വയം നിര്‍മിക്കുക എന്ന സമീപനമാണ് സ്ട്രീം അക്കാദമിക പ്രൊജക്ടുകളുടെ സവിശേഷത. പലയിടങ്ങളിലായി ചിതറികിടക്കുന്ന അറിവുകളെ സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുകയും ഓരോ പ്രൊജക്ടുകള്‍ ചെയ്യുന്നതിന്റെ ഭാഗമായി സാമൂഹിക പ്രശ്‌നവുമായി ബന്ധപ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തത്. കുട്ടികളും അധ്യാപകരുമെല്ലാം ഗവേഷണത്തിന്റെ രീതിശാസ്ത്രത്തിലൂടെ കടന്നുപോവുകയും നൂതനമായ കണ്ടെത്തലുകള്‍ നടത്തുകയും ചെയ്തത് സ്ട്രീം അക്കാദമിക പ്രൊജക്ടുകളുടെ സവിശേഷതയാണ്. യഥാര്‍ത്ഥ സാമൂഹിക പ്രശ്‌നത്തെ ക്ലാസ്‌റൂം പഠനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട് ശാസ്ത്രീയമായ അന്വേഷണങ്ങളിലേക്ക് നയിക്കുന്നതാണ് സ്ട്രീം എക്കോസിസ്റ്റം. വിവിധ വിഷയങ്ങളെ സമന്വയിച്ചുള്ള അന്തര്‍വൈജ്ഞാനിക പഠനരീതിയാണ് ഇവിടെ അവലംബിക്കുന്നത്. ജില്ലയിലെ 15 ഉപജില്ലകളില്‍ നിന്നായി സ്ട്രീം അക്കാദമിക പ്രൊജക്ടിന്റെ ഭാഗമായി പഠനഗ്രന്ഥങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഓരോ ഉപജില്ലയിലും നടത്തിയ ഗവേഷണത്തിന്റെ ഭാഗമായി രൂപപ്പെട്ട അക്കാദമിക് പഠനങ്ങളാണ് ഇത്. പ്രൊജക്ട് പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും അനായാസം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന, എളുപ്പത്തില്‍ വായിച്ചു മനസിലാക്കാന്‍ സാധിക്കുന്ന പുസ്തകങ്ങളായാണ് മാറിയത്. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബി ആര്‍ സികളുടെ നേതൃത്വത്തില്‍ വ്യത്യസ്ത വിഷയമേഖലകളില്‍ 15 പുസ്തകങ്ങളാണ് പുറത്തിറങ്ങുന്നത്. പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് ഈ പുസ്തകങ്ങള്‍ ഉപജില്ലകളില്‍ പ്രകാശനം ചെയ്യും.
പൊതുസമൂഹം അഭിമുഖീകരിക്കുന്ന സാമൂഹിക പ്രശ്‌നങ്ങളാണ് പ്രൊജക്ടുകളായി മാറിയത്. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന പ്രൊജക്ട് പ്രവര്‍ത്തനവും അവതരണവും നടത്തിയതിനുശേഷമാണ് ബി ആര്‍ സി കളുടെ നേതൃത്വത്തില്‍ പ്രൊജക്ടുകള്‍ അക്കാദമിക ഗ്രന്ഥങ്ങളായി തയ്യാറാക്കിയത്. ഗതാഗത പ്രശ്‌നങ്ങള്‍, ആരോഗ്യമോഖലയുമായി ബന്ധപ്പെട്ടവ, ചരിത്രം, ഭാഷ, സാങ്കേതികവിദ്യയും വെല്ലുവിളികളും, വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍, മൊബൈല്‍ ഉപയോഗം, ഗോത്രഭാഷ, കാര്‍ഷികമേഖല, നാട്ടറിവുകള്‍, ഭിന്നശേഷിക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയ വ്യത്യസ്തമേഖലകളില്‍ കുട്ടികള്‍ ചെയ്ത പ്രൊജക്ടുകളാണ് പുസ്തകങ്ങളായി മാറുന്നത്.

date