മഴക്കാല മുന്നൊരുക്കം; ജില്ല സജ്ജമെന്ന് റെവന്യു മന്ത്രി എ പി അനില്‍കുമാര്‍
മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു
കാലവര്‍ഷം നേരിടുന്നതിനായി ജില്ല സജ്ജമാണെന്ന് ജില്ലയുടെ ചുമതലയുള്ള റെവന്യു വകുപ്പു മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സുരക്ഷയ്ക്കും, സേവനങ്ങള്‍ ഏറ്റവും കാര്യക്ഷമമായി അവരിലേക്കെത്തിക്കുന്നതിനുമാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്. ഇതിനായി വിവിധ വകുപ്പുകളുടെ സഹകരണവും ഏകോപനവും മന്ത്രി ആവശ്യപ്പെട്ടു. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാനതല യോഗത്തിന്റെ തുടര്‍ച്ചയായാണ് ജില്ലാതല യോഗമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രവര്‍ത്തനങ്ങള്‍ ഏറ്റവും താഴെത്തട്ട് മുതല്‍ തുടങ്ങണം. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വില്ലേജ്, താലൂക്ക്തലം മുതല്‍ ജില്ലാതലം വരെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതുണ്ട്. ഇതിനായി റെവന്യു, ആരോഗ്യം, തദ്ദേശം തുടങ്ങി വകുപ്പുകള്‍ ഫലപ്രദമായി ഇടപെടുകയും പ്രവര്‍ത്തിക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ നേരിടുന്നതിനായി പ്രത്യേക ജാഗ്രതയും മുന്‍കരുതലും ആവശ്യമാണ്. ആശുപത്രികളില്‍ മരുന്നും മറ്റ് സജ്ജീകരണങ്ങളും ആവശ്യത്തിന് ഉണ്ടെന്നതും മന്ത്രി ഉറപ്പാക്കി. മഴക്കാലത്ത് സ്‌കൂളുകളില്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്. സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സംബന്ധിച്ച കാര്യങ്ങളും മന്ത്രി അവലോകനം ചെയ്തു. ഓടകള്‍ വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകളിലെ സജ്ജീകരണങ്ങള്‍, കടല്‍ക്ഷോഭം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍, മത്സ്യതൊഴിലാളികളുടെ സുരക്ഷ തുടങ്ങി വിഷയങ്ങള്‍ മന്ത്രി വിലയിരുത്തി.
യോഗത്തില്‍ ജില്ല കളക്ടര്‍ എം എസ് മാധവിക്കുട്ടി അധ്യക്ഷത വഹിച്ചു. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകള്‍ നടത്തിപ്പോരുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ല കളക്ടര്‍ വിശദീകരിച്ചു. റെവന്യു, ആരോഗ്യം, പോലീസ്, അഗ്നിരക്ഷാസേന, തദ്ദേശവകുപ്പ്, വനം, പൊതുവിദ്യാഭ്യാസം, കെഎസ്ഇബി, ഫിഷറീസ്, കോര്‍പറേഷന്‍, വാട്ടര്‍ അതോറിറ്റി, മേജര്‍, മൈനര്‍ ഇറിഗേഷന്‍, മോട്ടോര്‍ വാഹനം തുടങ്ങിയ വകുപ്പുകള്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വകുപ്പുകള്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
സബ് കളക്ടര്‍ എസ് ഗൗതം രാജ്, സിറ്റി പോലീസ് കമീഷ്ണര്‍ മെറിന്‍ ജോസഫ്, റൂറല്‍ എസ്പി ടി ഫറാഷ്, എഡിഎം പി അഖില്‍, അസിസ്റ്റന്റ് കളക്ടര്‍ മാളവിക ജി നായര്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ എം സാജിദ് വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments