Skip to main content

 സെന്‍സസ് 2027 വിവരങ്ങള്‍ നല്‍കി പുരോഗതി ഉറപ്പാക്കാം : ജില്ലാ കലക്ടര്‍

രാജ്യപുരോഗതിക്ക് അനിവാര്യമായ വിവരശേഖരണത്തില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് സെന്‍സസ് പ്രിന്‍സിപല്‍ ഓഫീസറായ ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. വിവരങ്ങള്‍ സ്വയം സമര്‍പിക്കുന്നതിനുള്ള (സെല്‍ഫ് എന്യൂമറേഷന്‍) ആദ്യമായി ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ അവസരം പ്രയോജനപ്പെടുത്താന്‍ ഓരോരുത്തരും മുന്‍കൈയെടുക്കണമെന്നും പ്രാരംഭപ്രവര്‍ത്തനം വിലയിരുത്തവെ ഓര്‍മിപ്പിച്ചു.
ജൂണ്‍ 16ന് മുതലാണ് സ്വയംവിവരങ്ങള്‍ നല്‍കാവുന്നത്. പ്രക്രിയ ഓണ്‍ലൈനായി നിര്‍വഹിക്കാം. സുഗമമാക്കുന്നതിന് ചോദ്യാവലിയുമുണ്ട്. അവയ്‌ക്കെല്ലാം സത്യസന്ധമായ കൃത്യതയുള്ള ഉത്തരങ്ങള്‍ നല്‍കാം. അവ കണക്കിലെടുത്താണ് നാടിന്റെ ആവശ്യങ്ങളും അതിനനുസൃതമായ ഭാവിപരിപാടികളും ആസൂത്രണം ചെയ്യുക. പൗരരുടെ കടമയാണ് സെന്‍സസുമായുള്ള പൂര്‍ണസഹകരണത്തിലൂടെ സാധ്യമാക്കാനാകുക.
സെന്‍സസ് ജോലിനിര്‍വഹണത്തില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും ഇതേ ഉത്തരവാദിത്തബോധമുണ്ടാകണം. പരിശീലനത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത് ഉള്‍പ്പടെയുള്ളവ ഗൗരവമായികണ്ട് നടപടികള്‍ സ്വീകരിക്കും. നിലവിലെ പ്രവര്‍ത്തനങ്ങള്‍ പൊതുവില്‍ തൃപ്തികരമാണ്.
വിവരശേഖരണം പരമാവധിയാക്കുന്നതിന് സര്‍ക്കാര്‍ ഓഫീസുകളിലെ രണ്ടുപേര്‍ക്ക് വീതം പരിശീലനം ഉറപ്പാക്കി മറ്റുള്ളവരുടെ വിവരങ്ങള്‍ സ്വയംരേഖപ്പടുത്തന്നത് പ്രോത്സാഹിപ്പിക്കും. അക്ഷയകേന്ദ്രങ്ങള്‍വഴി അവബോധവും പിന്തുണയും ഉറപ്പാക്കും. ജനപ്രതിനിധികളുടെ സഹകരണം എല്ലാതട്ടിലും ഉറപ്പാക്കും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ മുഖാന്തിരവും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. സ്‌കൂള്‍-കോളജ്തലങ്ങളിലും സെല്‍ഫ് എന്യൂമറേഷന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും. എസ്.സി പ്രമോട്ടര്‍മാര്‍ വഴി ഊരുക്കൂട്ടങ്ങളിലും അവബോധ പരിപാടികളും വിവരംരേഖപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
കലക്ടറേറ്റില്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിക്കും. ജൂലൈ ഒന്നു മുതല്‍ 30 വരെ നടക്കുന്ന ഹൗസ്‌ലിസ്റ്റിംഗ് (വിവരശേഖരണം) പ്രക്രിയക്കും സമാനരീതിയിലുള്ള പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അറിയിച്ചു.
 

 

date