Skip to main content

സെന്‍സസ് വിവരങ്ങള്‍ സ്വന്തമായി രേഖപ്പെടുത്താം; സെല്‍ഫ് എന്യൂമറേഷന്‍ ഇന്നുമുതല്‍ 

രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പായ സെന്‍സസ് 2027ന്റെ ഭാഗായി വിവരങ്ങള്‍ വ്യക്തികള്‍ക്ക് സ്വന്തമായി രേഖപ്പെടുത്താനുതകുന്ന സെല്‍ഫ് എന്യൂമറേഷന് ഇന്ന് (ജൂണ്‍ 16) തുടക്കമാകും. ജൂണ്‍ 30 വരെ രാവിലെ ആറ് മുതല്‍ രാത്രി 12 വരെയാണ് സെല്‍ഫ് എന്യൂമറേഷനുള്ള സമയം. ഇതുവഴി വീടുമായും അനുബന്ധ സൗകര്യങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ഓണ്‍ലൈനായി സ്വന്തമായി നല്‍കാം. സെന്‍സസ് നടപടികള്‍ വേഗത്തിലാക്കുന്നതിനും എന്യൂമറേറ്റര്‍മാരുടെ ജോലിഭാരം ലഘൂകരിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായി ഡിജിറ്റല്‍ രൂപത്തില്‍ നടക്കുന്ന സെന്‍സസ് 2027ന്റെ ഭാഗമായുള്ള സെല്‍ഫ് എന്യൂമറേഷന്‍ സൗകര്യവും ഇത്തവണ ആദ്യമായാണ് നടപ്പാക്കുന്നത്. സെന്‍സസ് ഉദ്യോഗസ്ഥന്‍ വീട്ടിലേക്ക് എത്തുന്നതിന് മുമ്പുതന്നെ വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. 

ജൂലൈ ഒന്നു മുതല്‍ 30 വരെ നടക്കുന്ന ഒന്നാംഘട്ട സെന്‍സസിന് മുന്നോടിയായാണ് സെല്‍ഫ് എന്യൂമറേഷന്‍ നടക്കുക. വീടുകളുടെ പട്ടിക തയാറാക്കലും വീടുകളുടെ സെന്‍സസും ഉള്‍പ്പെട്ടതാണ് ആദ്യഘട്ടം. 2027 ഫെബ്രുവരിയിലാണ് സെന്‍സസിന്റെ ഭാഗമായുള്ള ജനസംഖ്യാ കണക്കെടുപ്പ് ഉള്‍പ്പെടുന്ന രണ്ടാംഘട്ടം.  

വീടുമായി ബന്ധപ്പെട്ട 34 ചോദ്യങ്ങളാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെട്ടിടനമ്പര്‍, വീടിന്റെ അവസ്ഥ-ഉപയോഗം-ഉടമസ്ഥത സംബന്ധിച്ചവ, കുടുംബാംഗങ്ങളെ സംബന്ധിച്ചവ, കുടിവെള്ളം, കക്കൂസ്, കുളിക്കാനുള്ള സൗകര്യങ്ങള്‍, അടുക്കളയുടെയും എല്‍.പി.ജി/പി.എന്‍.ജി കണക്ഷന്റെയും ലഭ്യത, റേഡിയോ/ടെലിവിഷന്‍/ഇന്റര്‍നെറ്റ്/കമ്പ്യൂട്ടര്‍/ മൊബൈല്‍ ഫോണ്‍ എന്നിവ സംബന്ധിച്ചും വാഹനങ്ങള്‍, ഉപയോഗിക്കുന്ന ഭക്ഷ്യധാന്യം തുടങ്ങിയവ സംബന്ധിച്ചുമുള്ള വിവരങ്ങളാണ് ശേഖരിക്കുക.

സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യേണ്ട വിധം 

സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യുന്നതിനായി പൊതുജനങ്ങള്‍ https://se.census.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കണം. 

അടുത്ത സ്‌ക്രീനില്‍ കുടുംബനാഥന്റെ പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ രേഖപ്പെടുത്തിയ ശേഷം മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി നല്‍കി സ്ഥിരീകരിക്കണം.
 
തുടര്‍ന്ന് ജില്ലയുടെ പേരും വീടുള്ള സ്ഥലവും നല്‍കിയ ശേഷം മാപ്പില്‍ സ്വന്തം വീട് കണ്ടെത്തി 'റെഡ് മാര്‍ക്കര്‍' അതിന് മുകളില്‍ വെച്ച് ലൊക്കേഷന്‍ സേവ് ചെയ്യണം. 

ലൊക്കേഷന്‍ സ്ഥിരീകരിച്ചശേഷം സ്‌ക്രീനില്‍ വരുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യാം.

തുടര്‍ന്ന് ലഭിക്കുന്ന 11 അക്കങ്ങളുള്ള ഒരു എസ്.ഇ ഐ.ഡി മൊബൈല്‍ സന്ദേശമായും ഇ-മെയിലിലും ലഭ്യമാകും. എന്യൂമറേറ്റര്‍ വീട് സന്ദര്‍ശിക്കുന്ന സമയത്ത് ഈ ഐ.ഡി കൈമാറണം.

date