മുതിർന്ന പൗരന്മാരുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കാൻ സമൂഹം കൈകോർക്കണം: ജില്ലാ കളക്ടർ
മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾ തടയുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള സാമൂഹിക ഉത്തരവാദിത്തത്തെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ “മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനം” ആചരിച്ചു.
ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജ് ഫോർ വിമൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ കളക്ടർ ഷാജി വി. നായർ ഉദ്ഘാടനം ചെയ്തു.
മുതിർന്ന പൗരന്മാരുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കാൻ സമൂഹം കൈകോർക്കണമെന്ന് ജില്ലാ കളക്ടർ
പറഞ്ഞു.
മുതിർന്ന പൗരന്മാർ സമൂഹത്തിന്റെ അനുഭവസമ്പത്തിന്റെയും മൂല്യബോധത്തിന്റെയും അമൂല്യ ശേഖരമാണെന്നും അവരുടെ സുരക്ഷയും അന്തസ്സും സംരക്ഷിക്കുന്നത് ഓരോ പൗരന്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.
വയോജനങ്ങൾക്കെതിരായ ശാരീരിക, മാനസിക, സാമ്പത്തിക അതിക്രമങ്ങൾ തിരിച്ചറിയുകയും അവ തടയുന്നതിനായി കുടുംബങ്ങളും സമൂഹവും കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലാ വയോജന കൗൺസിൽ അംഗം സി. വാമദേവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ (ഇൻ ചാർജ്) എം വി സ്മിത, വയോജന കൗൺസിൽ അംഗങ്ങളായ ജി മോനി, ടി എസ് ശ്രീകുമാർ , ജൂനിയർ സൂപ്രണ്ട് സലീഷ് കുമാർ എന്നിവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി വയോജന സംരക്ഷണ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. തുടർന്ന് ജില്ലാ കളക്ടർ വയോജന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തലമുറകൾ തമ്മിലുള്ള പരസ്പര ധാരണയും ബഹുമാനവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച “തലമുറ സംവാദം” ശ്രദ്ധേയമായി. ത്രേസ്യാ സെബാസ്റ്റ്യനും ഡോ. അഞ്ജു മാധവും സംവാദത്തിന് നേതൃത്വം നൽകി.
മുതിർന്ന പൗരന്മാരുടെ അവകാശസംരക്ഷണം, സാമൂഹിക ഉൾച്ചേരൽ, മാനസികാരോഗ്യം, കുടുംബ പിന്തുണ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്ത പരിപാടി സമൂഹത്തിൽ വയോജന സൗഹൃദ സമീപനം വളർത്തുന്നതിനുള്ള സുപ്രധാന വേദിയായി മാറി.
- Log in to post comments