അപേക്ഷകൾ ക്ഷണിച്ചു
സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രതികൂല പ്രത്യാഘാതങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് (DoECC) പുതിയ ഗവേഷണ പ്രൊജക്ട് പ്രൊപ്പോസലുകൾക്ക് അപേക്ഷ ക്ഷണിച്ചു. 2026-27 സാമ്പത്തിക വർഷത്തെ 'ക്ലൈമറ്റ് ചേഞ്ച്' പ്ലാൻ സ്കീമിന് കീഴിലാണ് പദ്ധതികൾ സമർപ്പിക്കേണ്ടത്. കാലാവസ്ഥാ വ്യതിയാന പ്രതിരോധ മേഖലകളിൽ തങ്ങളുടെ വൈദഗ്ധ്യം പങ്കുവെക്കാൻ താൽപ്പര്യമുള്ള സർക്കാർ വകുപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ (NGO), പൊതുമേഖലാ സ്ഥാപനങ്ങൾ (PSU) എന്നിവയിലെ ശാസ്ത്രജ്ഞർ, അധ്യാപകർ, സാങ്കേതിക വിദഗ്ധർ എന്നിവർക്ക് അപേക്ഷിക്കാം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമും ഇതുസംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും www.envt.kerala.gov.in -ൽ ലഭ്യമാണ്. നിർദ്ദിഷ്ട ഫോർമാറ്റിൽ തയ്യാറാക്കിയ പദ്ധതി നിർദ്ദേശങ്ങൾ 'ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, നാലാം നില, കെ.എസ്.ആർ.ടി.സി ടെർമിനൽ കോംപ്ലക്സ്, തമ്പാനൂർ പി.ഒ, തിരുവനന്തപുരം 695001' എന്ന വിലാസത്തിൽ അയക്കണം.
അപേക്ഷകൾ അടങ്ങിയ കവറിനു മുകളിൽ 'Proposals under the Plan Scheme Climate Change 2026-27' എന്ന് രേഖപ്പെടുത്തണം. പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടറേറ്റിൽ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 4 ആണ്. ഫോൺ: 0471 2326264.
പി.എൻ.എക്സ്. 2064/2026
- Log in to post comments