Skip to main content

ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് കോഴ്സിന് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ രണ്ടു വർഷത്തെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സിലേക്ക് 2026-27 അധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാനാടിസ്ഥാനത്തിലുള്ള പ്രവേശന നടപടികൾ ആരംഭിച്ചു.

എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയിട്ടുള്ളവർക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷയുടെ വിഷയങ്ങൾക്ക് ലഭിച്ച ആകെ ഗ്രേഡ് പോയിന്റിനോടൊപ്പം ഇംഗ്ലീഷിനു ലഭിച്ച ഗ്രേഡ് പോയിന്റ് കൂടി ചേർത്ത് അന്തിമ ഗ്രേഡ് പോയിന്റ് കണക്കാക്കും. പ്ലസ് ടു, വി.എച്ച്.എസ്.ഇ/ തത്തുല്യ പരീക്ഷ പാസായവർക്ക് ശരാശരി ഗ്രേഡ് പോയിന്റിനോടൊപ്പം 1 ഗ്രേഡ് പോയിന്റ് അധികമായി ചേർക്കും.

ഭിന്നശേഷിയുള്ളവർക്ക് (സഞ്ചാരം, കാഴ്ച, കേൾവി വൈകല്യം ഉള്ളവർ) 5 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. പ്രത്യേക സംവരണമായി ഓരോ സ്ഥാപനത്തിലും ഒരു സീറ്റുവീതം യുദ്ധത്തിൽ മരണമടഞ്ഞ സൈനികരുടെ വിധവകൾക്കായി സംവരണം ചെയ്തിരിക്കുന്നു. എസ്‌സി/ എസ്ടി, ഒഇസി, എസ്ഇബിസി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണമുണ്ട്.

പൊതു വിഭാഗങ്ങൾക്ക് 100 രൂപയും പട്ടികജാതി/ പട്ടിക വർഗ വിഭാഗങ്ങൾക്ക് 50 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി https://gci.polyadmission.org/ വഴി ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസടച്ച് പൂർത്തിയാക്കണം. രജിസ്ട്രേഷൻ കഴിഞ്ഞ് ലഭിക്കുന്ന ലോഗിൻ വഴി വിവിധ ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലേയ്ക്ക് ഓപ്ഷൻ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണം ജൂലൈ 12ന് അവസാനിക്കും.

ഒറ്റത്തവണ രജിസ്ട്രേഷൻ/ ഓൺലൈൻ അപേക്ഷ സമർപ്പണം/ ജിസിഐ പ്രവേശനം തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് എല്ലാ സ്ഥാപനങ്ങളിലെയും ഹെൽപ്പ് ഡസ്‌കുകളിൽ ലഭ്യമാക്കിയിട്ടുള്ള ജീവനക്കാരുടെ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാം. നമ്പറുകൾ അഡ്മിഷൻ പോർട്ടലിലെ 'CONTACT US' ലിങ്കിൽ ലഭിക്കും.

പി.എൻ.എക്‌സ്. 2107/2026

date