Skip to main content

നിപ: പ്രതിരോധം പൂർണ വിജയത്തിലേക്ക്: മന്ത്രി കെ. മുരളീധരൻ

നിപ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ നടത്തിയ രോഗപ്രതിരോധ പ്രവർത്തനങ്ങൾ പൂർണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഒരാളിൽ രോഗബാധ കണ്ടെത്തിയതിനെ തുടർന്ന്  ജൂൺ 11 മുതൽ കൃത്യമായ റൂട്ട് മാപ്പ് തയാറാക്കി ജില്ലയിൽ പൊതുവെയും രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5, രോഗി സന്ദർശിച്ച വിവിധ ആശുപത്രികൾരോഗിയുടെ ജോലിസ്ഥലംരോഗി സന്ദർശിച്ച സ്ഥലങ്ങൾ  തുടങ്ങി എല്ലാ സമ്പർക്ക സാധ്യതകളും കണ്ടെത്തി പഴുതടച്ച പ്രതിരോധമാണ് ആരോഗ്യവകുപ്പ് നടത്തിയത്.

രോഗം കൂടുതൽ പേരിലേക്ക് പകർന്നിട്ടില്ല എന്ന കൃത്യമായ നിഗമനത്തിലാണ് കൂടുതൽ കണ്ടൈൻമെന്റ് നടപടികൾ ഇല്ലാതെതന്നെ രോഗം വരുതിയിലാക്കിയത്. ജില്ലാ കളക്ടർആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർരോഗം കണ്ടെത്തിയ സ്വകാര്യ ആശുപത്രി ഡോക്ടർമാർകോഴിക്കോട് മെഡിക്കൽ കോളജ് ഡോക്ടർമാർജനപ്രതിനിധികൾതദ്ദേശ സ്ഥാപനങ്ങൾഫീൽഡിൽ ആരോഗ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആശാ പ്രവർത്തകർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർമാധ്യമപ്രവർത്തകർ എന്നിവരെ മന്ത്രി അഭിനന്ദിച്ചു. കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണിതെന്നു മന്ത്രി പറഞ്ഞു.

നിപ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ നിന്ന് നിരീക്ഷണത്തിനായി പുതുതായി  ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. സമ്പർക്കപ്പട്ടികയിൽ നിന്ന്  രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നു ഇതുവരെ പരിശോധിച്ച 15 പേരുടെയും സാമ്പിൾ ഫലം നെഗറ്റീവ് ആണ്രോഗബാധിതന്റെ  സമ്പർക്ക പട്ടികയിലും പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇതിൽ 4 പേർ വളരെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ടവരും, 14 പേർ ഉയർന്ന വിഭാഗത്തിൽപ്പെട്ടവരും 86 പേർ കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപ്പെട്ടവരും ആണ്.

നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ചികിത്സ തുടരുന്നു. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 60 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി.

സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കൺട്രോൾ റൂമിൽ പൊതുജനങ്ങളിൽ നിന്നുള്ള 91 ഫോൺവിളികൾ എത്തിയിട്ടുണ്ട്.  സമ്പർപട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും ഇന്നും ജില്ലാ കൺട്രോൾ റൂമിൽ നിന്ന് ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. ജില്ലാ മാനസിക ആരോഗ്യപരിപാടിയുടെ ഭാഗമായി  ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തു.

പി.എൻ.എക്‌സ്. 2142/2026

date