എബോള: സംസ്ഥാനത്ത് ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചു: മന്ത്രി കെ. മുരളീധരൻ
ആഫ്രിക്കയിലെ മൂന്നു രാജ്യങ്ങളിൽ (Democratic Republic of Congo, Uganda, South Sudan) എബോള എന്ന മാരക രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുടെയും, കേന്ദ്ര സർക്കാരിൻറെയും മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് കേരളത്തിലും തുടക്കം മുതലേ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നുവെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
സംസ്ഥാനത്തെ നാല് എയർപോർട്ടുകൾ, പ്രധാന തുറമുഖങ്ങൾ എന്നിവ കേന്ദ്രീകരിച്ച് എബോള ബാധിത രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ സമ്പർക്ക ചരിത്രവും, രോഗലക്ഷണങ്ങളും കൃത്യമായി നിരീക്ഷിക്കാൻ ആരോഗ്യവകുപ്പ് ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകി നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ യാത്രക്കാർക്ക് 21 ദിവസത്തെ ക്വാറന്റൈൻ നിർദ്ദേശിക്കുകയും വീട്ടിലെത്തിയാലുടൻ പ്രദേശത്തെ ആരോഗ്യ കേന്ദ്രത്തിന്റെ നിരീക്ഷണം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന്റെ ഫലമായാണ് കോട്ടയത്ത് ഒരാൾക്ക് രോഗലക്ഷണം കണ്ടയുടനെ ജില്ലയിലെ ഐസോലേഷൻ കേന്ദ്രത്തിലെത്തിച്ച് നിരീക്ഷണം ഏർപ്പെടുത്തുകയും കൃത്യമായ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തത്.
എബോള ബാധിത രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ നല്കാൻ പതിനാലു ജില്ലകളിലും ഐസൊലേഷൻ ചികിത്സാ കേന്ദ്രങ്ങളും, ക്വാറന്റൈൻ കേന്ദ്രങ്ങളും സജ്ജമാക്കി. ആവശ്യമായ സാമഗ്രികളും ജീവനക്കാർക്ക് പരിശീലനങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്.
ഇത് വരെ എബോള ബാധിത പ്രദേശങ്ങളിൽ നിന്നും 206 യാത്രക്കാർ കേരളത്തിൽ എത്തിയത്തിൽ 74 പേർ നിലവിൽ വീടുകളിൽ ക്വാറന്റൈനിലാണ്. 75 പേർ ക്വാറന്റൈൻ പൂർത്തികരിക്കുകയോ മടങ്ങി പോകുകയോ ചെയ്തിട്ടുണ്ട്. 57 പേരെ മറ്റു സംസ്ഥാനങ്ങളിലേക്ക് cross-notify ചെയ്തിട്ടുണ്ട്.
പി.എൻ.എക്‌സ്. 2143/2026
- Log in to post comments