ഫിഷറീസ് വിദ്യാലയങ്ങളിൽ പുതുയുഗം: മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ
*ഫിഷറീസ് സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നു
തീരദേശ സ്കൂളുകളുടെ ഉന്നമനത്തിനായി സർക്കാർ പൂർണ്ണമായ ഒരു മാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് മത്സ്യബന്ധന, ഹാർബർ എഞ്ചിനീയറിംഗ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ പറഞ്ഞു. ഗവൺമെൻറ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളുകളിലെ 2026-27 അധ്യയന വർഷത്തെ സംസ്ഥാനതല പ്രവേശനോത്സവം എറണാകുളം തേവര ജി.ആർ.എഫ്.റ്റി.എച്ച്.എസിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫിഷറീസ് സ്കൂളുകളുടെ വികസനത്തിന് പുതിയ സർക്കാർ അതീവ പ്രാധാന്യം നൽകുന്നുണ്ട്. കുട്ടികളുടെ വലിയ മാറ്റത്തിന്റെ സമയമായ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിൽ അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും സൗകര്യങ്ങളും ഒരുക്കാൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും പുതിയ അധ്യയനവർഷത്തിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നുകൊണ്ട് മന്ത്രി കൂട്ടിച്ചേർത്തു.
തുടർന്ന് പത്താം ക്ലാസ്, വി എച്ച് എസ് സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള പുരസ്കാര വി തരണവും . ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഭൂമിയെയും പ്രകൃതിയെയും ഹരിതാഭമായി നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട്
വിദ്യാർത്ഥികൾക്ക്വൃക്ഷത്തൈ വിതരണവും മന്ത്രി നിർവഹിച്ചു.
കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 9 തീരദേശ ജില്ലകളിലായി 10 ഗവൺമെൻറ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളുകളാണ് (ജി. ആർ. എഫ്. റ്റി. എച്ച്. എസ്.) ഫിഷറീസ് വകുപ്പിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്നത്. 8 മുതൽ 10 വരെ ഉള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ - വിദ്യാഭ്യാസം, ഹോസ്റ്റൽ, ഭക്ഷണം, യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവയ്ക്ക് പുറമേ ഇംഗ്ലീഷ് വിഷയത്തിൽ പ്രാവീണ്യം നേടുന്നതിനും കുട്ടികളുടെ കലാ/സാഹിത്യ/കായിക രംഗങ്ങളിലെ പ്രതിഭ തെളിയിക്കുന്നതിനും പ്രത്യേക പരിശീലനവും സൗജന്യ വിമാന യാത്ര ഉൾപ്പടെ ഉള്ള സ്റ്റഡി ടൂറും ഈ സ്കൂളുകളിലൂടെ ലഭ്യമാക്കുന്നുണ്ട്.
2026-27 അധ്യയന വർഷം മുതൽ മത്സ്യബന്ധന അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നത്തിന് കൗൺസലർമാരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. മത്സ്യത്തൊഴിലാളി സമൂഹത്തിലെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും മികച്ച ജീവിതസാഹചര്യങ്ങളും ഉറപ്പുവരുത്തി മാതൃകാപരമായ പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെ ജി. ആർ. എഫ്. റ്റി. എച്ച്. എസ്. കൾ നടത്തുന്നത്
ചടങ്ങിൽ കൊച്ചി കോർപ്പറേഷൻ കൗൺസിലർ എലിസബത്ത് അധ്യക്ഷയായി.ഫിഷറീസ് മധ്യമേഖല ജോയിൻറ് ഡയറക്ടർ ഡോ ആശാ അഗസ്റ്റിൻ റിപ്പോർട്ട് അവതരിപ്പിച്ചു.
മത്സ്യബന്ധന വകുപ്പ് ഡയറക്ടർ വി ചെൽസാസിനി , ഫിഷറീസ് മേഖല ഡെപ്യൂട്ടി ഡയറക്ടർ വി സിന്ധു, ജി. ആർ. എഫ്. റ്റി. എച്ച്. എസ്. ഹെഡ്മിസ്ട്രസ്സ് വി. ബി.റോസ്മേരി,വി. എച്ച്. എസ്. ഇ പ്രിൻസിപ്പാൾ ഇൻചാർജ് റ്റി. എ. നിഷ രാജ്, പി റ്റി എ പ്രസിഡന്റ് ഫ്രാൻസിസ് സേവ്യർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാത്ഥികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments