പകര്‍ച്ചവ്യാധി പ്രതിരോധം: യോഗം ചേര്‍ന്നു
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈഡേ
പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായും ജില്ലയിലെ നിലവിലെ പകര്‍ച്ചവ്യാധി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായും ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് എന്‍ സരിത ഉദ്ഘാടനം ചെയ്തു. സിക്കിള്‍ സെല്‍ അനീമിയ (അരിവാള്‍ രോഗം) ദിനാചരണത്തോടനുബന്ധിച്ചുള്ള ബോധവത്കരണ സന്ദേശ പോസ്റ്റര്‍ പ്രകാശനവും പ്രസിഡന്റ് നിര്‍വഹിച്ചു. ജില്ലയിലെ എല്ലാ ഗ്രാമ/ ബ്ലോക്ക് /നഗരസഭ - ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്/ചെയര്പേഴ്സണ്മാര്ക്കായാണ് യോഗം ചേര്‍ന്നത്.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ഷീലാദേവി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ടി വി റോഷ് സംസ്ഥാനത്ത് ആരംഭിക്കുന്ന ഡ്രൈ ഡേ ക്യാമ്പയിന്, ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്താവുന്ന പദ്ധതികള്‍ എന്നിവയെ കുറിച്ച് വിശദീകരിച്ചു. കൊതുകിന്റെ കൂത്താടി ഉറവിട നശീകരണ പ്രവര്‍ത്തനമായ 'ഡ്രൈ ഡേ ക്യാമ്പയിന് 'വെള്ളിയാഴ്ചകളില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും ശനിയാഴ്ചകളില്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ഞായറാഴ്ചകളില്‍ വീടുകള്‍ കേന്ദ്രീകരിച്ചും നടത്തേണ്ടതാണ് എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാ ആര് സി എച്ച് ഓഫീസര്‍ ഡോ. എ കെ അനിത, മാതൃ ശിശു ആരോഗ്യ സേവനങ്ങളെക്കുറിച്ച് ജില്ലാ സര്‍വയ്ലന്‍സ് ഓഫീസര്‍ ഡോ.ഗീതു മരിയ ജോസഫ് പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നടപ്പിലാക്കാവുന്ന കര്‍മ്മ പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അഹമ്മദ് അഫ്സല് കെ പി, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ വി കെ ഹമീദ ജെലീസ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി റിയാസ് , ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ അനൂപ് റസാക്ക്, പ്രാണിജന്യ രോഗ നിയന്ത്രണ പരിപാടി ജില്ലാ ഓഫീസര്‍ പി വി സാജന് , പൊതുജനാരോഗ്യ വിഭാഗം ടെക്നിക്കല്‍ അസിസ്റ്റന്റ് സി എം രാധാകൃഷ്ണന് , ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ സയന എസ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments