Skip to main content
a

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം :കര്‍മ്മ 2.0 പദ്ധതിക്ക് ജില്ലയില്‍ തുടക്കം

 ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി  പത്തനംതിട്ട ജില്ലയില്‍ കര്‍മ്മ 2.0 രണ്ടാം ഘട്ടം പദ്ധതിക്ക് തുടക്കമായി.  പരിപാടിയുടെ ജില്ലാതല  ഉദ്ഘാടനം  കിടങ്ങന്നൂര്‍  എസ്.വി ജി. വി  ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനില്‍ നിര്‍വഹിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ വിലാസിനിയമ്മ അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍( ആരോഗ്യം ) ഡോ. എല്‍ അനിതകുമാരി  മുഖ്യപ്രഭാഷണം നടത്തി. ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജിനു ജി തോമസ് വിദ്യാര്‍ഥികള്‍ക്കായി ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലി. പത്തനംതിട്ട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ബൈജു  ദിനാചരണ സന്ദേശം നല്‍കി.
ജില്ലയിലെ  വിദ്യാലയങ്ങളില്‍  ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും പിയര്‍ എഡ്യൂക്കേറ്റര്‍മാര്‍  നേതൃത്വം നല്‍കുന്ന  ലഹരി വിരുദ്ധ പരിപാടിയാണ്  കര്‍മ്മ. കുട്ടികള്‍ക്കിടയിലെ  ലഹരി ഉപയോഗം തടയുന്നതിനും  അമിതമായ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ദുരുപയോഗം തടയുന്നതിനും ലക്ഷ്യമിട്ടാണ്  കര്‍മ്മ 2.0 പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതിയുടെ ഭാഗമായി 30  സ്‌കൂളുകളില്‍  കര്‍മ്മ ബോക്‌സുകള്‍  സ്ഥാപിക്കും. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങള്‍  വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ ആരോഗ്യവകുപ്പ് വഴി  പോലീസിന് കൈമാറും. വിവരങ്ങള്‍ കൈമാറുന്നവരുടെ സ്വകാര്യത ഉറപ്പുവരുത്തും. ആറന്മുള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍  വി. സജു കിടങ്ങന്നൂര്‍ എസ്. വി. ജി. വി സ്‌കൂള്‍ പ്രധാനാധ്യാപിക എന്‍ എസ്  സുനിതയ്ക്ക് കര്‍മ്മ ബോക്‌സ് കൈമാറി പദ്ധതിക്ക് തുടക്കം കുറിച്ചു. പിയര്‍ എഡ്യൂക്കേറ്റര്‍മാര്‍ക്കുള്ള യൂണിഫോം വിതരണം  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍വഹിച്ചു. സാമൂഹിക ആരോഗ്യ കേന്ദ്രം കാഞ്ഞേറ്റുകര മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിബിന്‍ സാജന്‍ വിദ്യാര്‍ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.
ആറന്മുള ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ സോമവല്ലി ദിവാകരന്‍, ആറന്മുള ഗ്രാമപഞ്ചായത്ത് അംഗം എം പി  ഉണ്ണികൃഷ്ണന്‍ നായര്‍, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. കെ കെ ശ്യാംകുമാര്‍, ജില്ലാ  വിദ്യാഭ്യാസ ഓഫീസര്‍ അമ്പിളി ഭാസ്‌കരന്‍, വല്ലന കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. എ ഗായത്രി, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ എം പി ബിജുകുമാര്‍ , ആര്‍ ദീപ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സജിത്ത്, ജില്ലാ ആര്‍ ബി എസ് കെ  കോര്‍ഡിനേറ്റര്‍ ജിഷ സാരൂ തോമസ്, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചിത്രം : 
കര്‍മ്മ 2.0 പദ്ധതി ജില്ലാതല  ഉദ്ഘാടനം  കിടങ്ങന്നൂര്‍  എസ്.വി ജി. വി  ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനില്‍ നിര്‍വഹിക്കുന്നു
 

date