കുട്ടികളെ കേള്‍ക്കാന്‍ സമൂഹം സമയം കണ്ടെത്തണം; 'ചങ്ങാത്തം' പദ്ധതിക്ക് മലപ്പുറത്ത് തുടക്കമായി
കുട്ടികളില്‍ വര്‍ധിച്ചുവരുന്ന മാനസിക സമ്മര്‍ദ്ദം, ഏകാന്തത, നിരാശ, ആത്മഹത്യാ ചിന്തകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ആവശ്യമായ വൈകാരിക പിന്തുണയും മാര്‍ഗനിര്‍ദേശവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, 'ചങ്ങാതി' സന്നദ്ധ പ്രസ്ഥാനത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന 'ചങ്ങാത്തം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. എ. ജബ്ബാര്‍ ഹാജി നിര്‍വഹിച്ചു. മലപ്പുറം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. റിനിഷ വി അധ്യക്ഷത വഹിച്ചു. എ.ഡി.എം. പി.ഒ. സാദിഖ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
'കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതില്‍ കുടുംബത്തിന്റെയും വിദ്യാലയത്തിന്റെയും സമൂഹത്തിന്റെയും പങ്ക് ഒരുപോലെ നിര്‍ണായകമാണ്. കുട്ടികളെ നിരന്തരം ഉപദേശിക്കുന്നതിനേക്കാള്‍ അവര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കാന്‍ തയ്യാറാകുന്ന രക്ഷിതാക്കളും അധ്യാപകരും സമൂഹവുമാണ് ഇന്ന് ഏറ്റവും ആവശ്യം. ഓരോ കുട്ടിക്കും തന്റെ സന്തോഷവും സങ്കടവും ഭയവും സ്വപ്നങ്ങളും പങ്കുവെക്കാന്‍ വിശ്വസിക്കാവുന്ന ഒരു ചങ്ങാതി ഉണ്ടാകണം. ചങ്ങാത്തം പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ പൂര്‍ണ്ണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന്'പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി എ ജബ്ബാര്‍ ഹാജി പറഞ്ഞു.
ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുക. തുടര്‍ന്ന് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലേക്കും സര്‍ക്കാര്‍ അംഗീകൃത ചില്‍ഡ്രന്‍സ് ഹോമുകളിലേക്കും വ്യാപിപ്പിക്കും. ചില്‍ഡ്രന്‍സ് ഹോമുകളിലെ ജീവനക്കാര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി 'ചങ്ങാതി' പരിശീലനവും സംഘടിപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുസമൂഹം എന്നിവയുടെ സഹകരണത്തോടെ ജില്ലയിലുടനീളം കേള്‍വിയുടെ സംസ്‌കാരം വളര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
രാജ്യത്ത് ആദ്യമായാണ് ഒരു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികളുടെയും പൊതുസമൂഹത്തിന്റെയും മാനസികാരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് സമഗ്ര 'ബിഫ്രണ്ടിംഗ്' മാതൃക നടപ്പാക്കുന്നത്. കുട്ടികള്‍ക്ക് മാത്രമല്ല, കേള്‍ക്കപ്പെടേണ്ട ഓരോ വ്യക്തിക്കും വിശ്വാസപൂര്‍വം സംസാരിക്കാനും പിന്തുണ ലഭിക്കാനും കഴിയുന്ന സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഹയര്‍സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജൂഡ് ലൂയിസ് എസ്, മലപ്പുറം വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ സുനിത, വാര്‍ഡ് കൗണ്‍സിലര്‍ യമുന കെ, സി.ഡബ്ല്യു.സി. അംഗങ്ങളായ പ്രസന്ന പി, അഡ്വ. ഷഹനാസ് ബീഗം, അഡ്വ. ഫനൂജ കെ. എസ്, ചങ്ങാതി ചീഫ് മെന്റര്‍മാരായ നന്ദജന്‍ കെ. എ വിജിത പ്രേം സുന്ദര്‍, ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം പ്രിന്‍സിപ്പല്‍ ഷാജു പി. പി, പി.ടി.എ. പ്രസിഡന്റ് ഉമ്മര്‍ എം. ടി, ഹെഡ്ടീച്ചര്‍ ബീന മാണിക്കോത്ത്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അരീക്കാടന്‍ മമ്മു മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷാജിത അറ്റാശ്ശേരി സ്വാഗതവും സി.ഡബ്ല്യു.സി. അംഗം അഡ്വ. എ. സതീഷ് നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments