Skip to main content

ലഹരിക്കെതിരെ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ച് സാമൂഹ്യനീതി വകുപ്പ്

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 'ലഹരിക്കെതിരെ ഇതെന്റെ ഗോള്‍' ഫുട്ബോള്‍ ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'നശാ മുക്ത് ഭാരത് അഭിയാന്‍' പദ്ധതിയുടെ ഭാഗമായാണ് തൃശ്ശൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ്, എന്‍.എസ്.എസ്. യൂണിറ്റുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് 'ഷൂട്ട് ഔട്ട്  ലഹരിക്കെതിരെ ഇതെന്റെ ഗോള്‍' എന്ന പേരില്‍ ഫുട്‌ബോള്‍ പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചത്. ക്രൈസ്റ്റ് കോളേജില്‍ നടന്ന പരിപാടിയില്‍ തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി.

യുവജനങ്ങളില്‍ ലഹരിവിരുദ്ധ സന്ദേശം കായികപ്രവര്‍ത്തനങ്ങളിലൂടെ പ്രചരിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനുള്ള സാമൂഹിക ഉത്തരവാദിത്തം വളര്‍ത്തുക എന്നീ വിവിധ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഫുട്‌ബോള്‍ മത്സരത്തില്‍ വിദ്യാര്‍ത്ഥികള്‍ ആവേശപൂര്‍വം പങ്കെടുത്തു. 'ലഹരിക്കെതിരെ ഇതെന്റെ ഗോള്‍' എന്ന സന്ദേശം ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാകുമെന്ന് പ്രതിജ്ഞയെടുത്തു.

ലഹരിവിരുദ്ധ ഹ്രസ്വനാടകം, ബോധവല്‍ക്കരണ വീഡിയോ പ്രദര്‍ശനം, ലഹരിവിരുദ്ധ സന്ദേശ പ്രഭാഷണങ്ങള്‍, 'മുക്തി' വെബ്‌സൈറ്റ് പ്രകാശനം, 'റീജുവിനേറ്റ് വേസ്റ്റ് ടു ആര്‍ട്ട്' ബാനര്‍ പ്രകാശനം, ലഹരിവിരുദ്ധ പ്രതിജ്ഞ, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.

 കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോളി ആന്‍ഡ്രൂസ്, കോളേജ് മാനേജര്‍ ഫാ. ജോയ് പി.ടി, സാമൂഹ്യനീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് സിനോ സേവി, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. അനുഷ മാത്യു, ഡോ. സുബിന്‍ കെ. ജോസ് എന്നിവര്‍ സംസാരിച്ചു.

date