Skip to main content

ആതവനാട് ഗവ. ഹയർസെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടം; മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു

ആതവനാട് മാട്ടുമ്മൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പുതിയ അക്കാദമിക് ബ്ലോക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ 2025–26 അധ്യയന വർഷത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെയും അധ്യാപകരെയും മന്ത്രി ആദരിച്ചു.

 

പൊതു വിദ്യാലയങ്ങളിലെ പഠനസാഹചര്യങ്ങൾ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്നും, എ.ഐ. സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന പഠനരീതികൾക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ അനിവാര്യമാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

 

ഏകദേശം 3.90 കോടി രൂപ ചെലവിൽ ആധുനിക ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടുത്തി നിർമിച്ച മൂന്ന് നില കെട്ടിടമാണ് വിദ്യാർഥികൾക്കായി സമർപ്പിച്ചത്.

 

തിരൂർ എം.എൽ.എ. കുറുക്കോളി മൊയ്തീൻ അധ്യക്ഷത വഹിച്ചു. വിദ്യാകിരണം മിഷൻ കോർഡിനേറ്റർ സുരേഷ് കൊളശ്ശേരി പദ്ധതി വിശദീകരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രിൻസിപ്പൽ സുഹൈൽ സാബിർ സ്വാഗതവും ഹെഡ്മിസ്ട്രസ് പി. പ്രീതകുമാരി നന്ദിയും രേഖപ്പെടുത്തി.

date