പീച്ചി റീസര്‍വോയറിലേക്കുള്ള അനധികൃത പ്രവേശനം അനുവദിക്കില്ല
പീച്ചി റീസര്‍വോയറിലേക്കുള്ള അനധികൃത പ്രവേശനം കര്‍ശനമായി നിയന്ത്രിക്കുന്നതിനും, അത് വഴിയുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ബന്ധപ്പെട്ട വകുപ്പുകളുടെ സംയുക്ത യോഗം ചേര്‍ന്നു. അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ പീച്ചി ഡാമിന്റെ വിവിധ ഭാഗങ്ങളില്‍ ഇറങ്ങുന്നത് കര്‍ശനമായി തടയേണ്ടതാണെന്ന് യോഗം വിലയിരുത്തി. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും, വാര്‍ഡ് ഗ്രാമ സഭകളില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനും, പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. മുന്നറിയിപ്പ് അവഗണിച്ച് ജലാശയത്തില്‍ ഇറങ്ങുന്നവര്‍ക്കും, ജലാശയവും പരിസരവും മലിനമാക്കുന്നവര്‍ക്കുമെതിരെ കര്‍ശ്ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ ജലസേചനവകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.എന്‍ സജിത്ത് അധ്യക്ഷത വഹിച്ചു. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനു വര്‍ഗീസ്, വൈസ് പ്രസിഡന്റ് കെ.പി. ചാക്കോച്ചന്‍, വാര്‍ഡ് മെമ്പര്‍മാരായ സ്വപ്നാ രാധാകൃഷ്ണന്‍, സന്ധ്യാ ഷാജി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, പീച്ചി ജലസേചന പദ്ധതി ഉദ്യോഗസ്ഥര്‍, ഡിടിപിസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments