ഡിസംബർ 3-ന് ഭിന്നശേഷി അവകാശ സംരക്ഷണ പ്രതിജ്ഞ
ലോക ഭിന്നശേഷി ദിനമായ ഡിസംബർ 3-ന് സംസ്ഥാനത്തെ എല്ലാ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സർക്കാർ-സർക്കാരിതര വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഭിന്നശേഷി അവകാശ സംരക്ഷണ പ്രതിജ്ഞ ചൊല്ലുന്നതിനും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിനും സാമൂഹ്യനീതി വകുപ്പ് നിർദേശം നൽകി.
ശാരീരിക, മാനസിക, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾ സമൂഹത്തിന്റെ അവിഭാജ്യവും തുല്യാവകാശമുള്ളതുമായ പൗരന്മാരാണെന്നും അവരുടെ മാനവിക ഗൗരവം, അവകാശങ്ങൾ, സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിവ സംരക്ഷിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും പ്രതിജ്ഞയിൽ വ്യക്തമാക്കുന്നു.
സമത്വം, നീതി, സാമൂഹിക ഐക്യം, മാനവികത എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന പ്രവർത്തനങ്ങളിൽ ഉത്തരവാദിത്തത്തോടെ പങ്കാളികളാകാനും വിവേചനവും അവഗണനയും ഇല്ലാത്ത, തുല്യാവസരങ്ങൾ ഉറപ്പുള്ള ഉൾചേർന്ന സമൂഹം നിർമ്മിക്കാനും പ്രതിജ്ഞയിലൂടെ ആഹ്വാനം ചെയ്യുന്നു.
പി.എൻ.എക്‌സ്. 2392/2026
- Log in to post comments