Skip to main content
..

പാരിപ്പള്ളി മെഡിക്കൽ കോളജ് വികസനം വേഗത്തിലാക്കും: മന്ത്രി കെ മുരളീധരൻ 

 

പാരിപ്പള്ളി മെഡിക്കൽ കോളജ് വികസനം വേഗത്തിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. മെഡിക്കൽ കോളജിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന പ്രത്യേക അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കൽ കോളജിലെ 50 നഴ്സിംഗ് സ്റ്റാഫുകളുടെ നിയമനം ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലേയും ഒഴിവുള്ള തസ്തികളിലേക്ക്  നിയമനം ഉടനടി നടത്താനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്രീകൃത ശീതീകരണസംവിധാനം ഏർപ്പെടുത്താൻ ആശുപത്രി വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ആവശ്യപ്പെട്ടു. ട്രോമാകെയർ സംവിധാനം, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്‌ നിർമാണം എന്നിവ ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരും. കാത് ലാബിന് സ്ഥിരം കാർഡിയോളജിസ്റ്റിനെ നിയമിക്കും. ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യം വിപുലപെടുത്തും. വിദ്യാർത്ഥികൾക്കായി കായികകേളി സ്ഥലം വികസിപ്പിക്കും. എംഎൽഎ, എം പി ആസ്തി വികസന നിധി, വിവിധ സർക്കാർ പദ്ധതികൾ എന്നിവയിലൂടെ ആശുപത്രിയുടെ തുടർ വികസനം ഉറപ്പാക്കും. 
  
24 മണിക്കൂറും പ്രവർത്തിക്കുന്ന സി-റ്റി അൾട്രാസൗണ്ട് സ്കാനിംഗ്, എം ആർ ഐ സംവിധാനങ്ങൾ ഒരുക്കും.  ആശുപത്രി വികസനസമിതി പുന:സംഘടിപ്പിക്കും. കരാർ ഫാർമസിസ്റ്റുകളുടെ ദിവസവേതനം വർദ്ധിപ്പിക്കുന്നത് പരിഗണനയിലാണ്. പ്രദേശത്തെ തെരുവ്നായ ശല്യം പരിഹരിക്കാൻ പഞ്ചായത്തുമായി സഹകരിച്ച് ഡോഗ് ഷെൽട്ടർ സ്ഥാപിക്കും.
അടിയന്തര  പ്രവർത്തികൾ നൂറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കും. ആശുപത്രിയുടെ തുടർവികസനത്തിന് വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും നിർദേശം നൽകി. 
റഫറൽ ആശുപത്രിയിൽനിന്ന് സംസ്ഥാനത്തെ പ്രധാന മെഡിക്കൽ കോളേജുകളിൽ ഒന്നായി പാരിപ്പള്ളി മെഡിക്കൽ കോളേജിനെ മാറ്റുന്നതിന് വേണ്ടുന്ന പ്രവർത്തനങ്ങൾ സർക്കാർ നടത്തുമെന്നും മന്ത്രി അറിയിച്ചു. 

എൻ കെ പ്രേമചന്ദ്രൻ എം.പി, ബി ബി ഗോപകുമാർ എം എൽ എ,  മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കെ വി വിശ്വനാഥ്, ആശുപത്രിയിലെ വിവിധ വിഭാഗങ്ങളുടെ മേധാവികൾ, നഴ്സിംഗ് -മെഡിക്കൽ വിദ്യാർഥികൾ, ജീവനക്കാർ, ഡോക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

date