അറിയിപ്പുകള്‍
സംസ്ഥാന കര്‍ഷക അവാര്‍ഡ് 2025; 13 വരെ അപേക്ഷിക്കാം
സംസ്ഥാന കര്‍ഷക അവാര്‍ഡ് 2025-നായി ജൂലൈ 13 വരെ അപേക്ഷിക്കാം. ആകെ 38 വിഭാഗങ്ങളിലായാണ് ഇത്തവണ സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ നല്‍കുന്നത്.
കാര്‍ഷിക മേഖലയിലെ സമഗ്ര സംഭാവനകള്‍ക്ക് ആദരമായി അഞ്ച് ലക്ഷം സമ്മാനത്തുകയുള്ള 'ശ്രീ ഉമ്മന്‍ ചാണ്ടി സ്മാരക അവാര്‍ഡ്', മട്ടുപ്പാവ് കൃഷി ചെയ്യുന്ന മികച്ച കര്‍ഷകന്‍ , ഉദ്യാന ശ്രേഷ്ഠ' എന്നീ പുതിയ വിഭാഗങ്ങളും (50,000 രൂപ വീതം, ഫലകം, സര്‍ട്ടിഫിക്കറ്റ്) ഉള്‍പ്പെടുത്തിയാണ് അപേക്ഷ ക്ഷണിച്ചത്.
അവാര്‍ഡുകള്‍ക്കായുള്ള അപേക്ഷകള്‍ 2026 ജൂലൈ 13 വരെ ബന്ധപ്പെട്ട കൃഷിഭവനുകളില്‍ നല്‍കാം.
സംസ്ഥാന കര്‍ഷക അവാര്‍ഡുകളില്‍ കാര്‍ഷിക മേഖലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള 'സി. അച്യുതമേനോന്‍ സ്മാരക അവാര്‍ഡ്' (10 ലക്ഷം രൂപ), മികച്ച കൃഷിഭവനുള്ള 'വി.വി.
രാഘവന്‍ സ്മാരക അവാര്‍ഡ്' (5 ലക്ഷം രൂപ), 'പത്മശ്രീ കെ. വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ്' (3 ലക്ഷം രൂപ), 'സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ്' (2 ലക്ഷം രൂപ), 'കേരകേസരി' (2 ലക്ഷം രൂപ), പൈതൃക കൃഷി/വിത്ത് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആദിവാസി ഉന്നതി/സംഘത്തിനുള്ള അവാര്‍ഡ് (2 ലക്ഷം രൂപ), മികച്ച ജൈവ കര്‍ഷകന്‍ (2 ലക്ഷം രൂപ) എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി അംഗീകാരങ്ങള്‍ നല്‍കും.
അവാര്‍ഡുകള്‍ 2026 ഓഗസ്റ്റ് 17-ന് നടക്കുന്ന സംസ്ഥാന കര്‍ഷകദിനാഘോഷ ചടങ്ങില്‍ വിതരണം ചെയ്യും. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും ബന്ധപ്പെട്ട കൃഷിഭവനുകളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralaagriculture.gov.in സന്ദര്‍ശിക്കാം.
മീഡിയ അക്കാദമിയില്‍ സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 17 വരെ
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ പി.ജി.ഡിപ്ലോമ ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വര്‍ടൈസിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ജൂലൈ 17 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫോണ്‍: 9747886517, 9847030932.
സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ പരിശീലനം
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ പിഎസ്‌സി അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സുകളായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഫോറിന്‍ അക്കൗണ്ടിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡാറ്റാ എന്‍ട്രി കണ്‍സോള്‍ ഓപറേഷന്‍സ് എന്നീ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ക്ക് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 8891370026, 0495 2370026.
മൂക്ക് കോഴ്‌സിന് ചേരാം
കണ്ണൂര്‍ സര്‍വകലാശാലയിലെ ഭൂമിശാസ്ത്ര വകുപ്പും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഇഎംഎംആര്‍സി യും സംയുക്തമായി തയ്യാറാക്കിയ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ്(മൂക്ക്) ആരംഭിച്ചു. 'സ്റ്റാറ്റിസ്റ്റിക്കല്‍ മെത്തേഡ്‌സ് ഇന്‍ ജ്യോഗ്രഫി (പ്രാക്ടിക്കല്‍)' എന്ന വിഷയത്തിലാണ് ഈ കോഴ്സ് ആരംഭിച്ചത്. യുജിസിക്ക് കീഴിലുള്ള കണ്‍സോര്‍ഷ്യം ഫോര്‍ എഡ്യൂക്കേഷണല്‍ കമ്മ്യൂണിക്കേഷന്റെ സഹകരണത്തോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള 'സ്വയം' പ്ലാറ്റ്ഫോം വഴിയാണ് കോഴ്സ് ലഭ്യമാക്കുന്നത്. പ്രധാനമായും ബിരുദ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് പഠനപദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2026 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള സെമസ്റ്റര്‍ കാലയളവിലാണ് ക്ലാസുകള്‍ നടക്കുന്നത്. പാഠ്യപദ്ധതിയില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ളവര്‍ക്ക് 2026 ഓഗസ്റ്റ് 31 വരെ 'സ്വയം' പ്ലാറ്റ്ഫോമില്‍ (www.swayam.gov.in) രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിവിധ അക്കാദമിക് ക്രെഡിറ്റുകള്‍ നേടാന്‍ ആഗ്രഹിക്കുന്ന ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും വിഷയത്തില്‍ താല്പര്യമുള്ള മറ്റുള്ളര്‍ക്കും കോഴ്സിന് ചേരാവുന്നതാണ്.
ബിപിഎല്‍ അപേക്ഷ ജൂലൈ 17 വരെ സ്വീകരിക്കും
പരമ്പരാഗത പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ജൂലൈ 17 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പ് വെബ് സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ എന്നിവ വഴി അപേക്ഷ നല്‍കാം. തദ്ദേശ സ്വയംഭരണ സെക്രട്ടറി നല്‍കുന്ന ബിപിഎല്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍, മാരക രോഗമുള്ളവര്‍, പട്ടികജാതിയില്‍പെട്ടവര്‍, പരമ്പരാഗത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍, നിര്‍ധന ഭൂരഹിത ഭവന രഹിതര്‍, സര്‍ക്കാര്‍ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവര്‍ (ലക്ഷംവീട്, ഇഎംഎസ് ഭവന പദ്ധതി, ഇന്ദിര ആവാസ് യോജന പദ്ധതി, പട്ടികജാതി/പട്ടികവര്‍ഗ്ഗ ഉന്നതികള്‍ തുടങ്ങിയവ), ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഇവര്‍ അപേക്ഷയില്‍ പ്രസ്തുത വിവരം നല്‍കുന്നതോടൊപ്പം ബന്ധപ്പെട്ട രേഖകള്‍ കൂടി നല്‍കണം.
ആയിരം ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുളള വീട്, ഒരേക്കറിലധികം ഭൂമി, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖല സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍(പാര്‍ട്ട് ടൈം ജീവനക്കാര്‍, താത്കാലിക ജീവനക്കാര്‍, ക്ലാസ് ഫോര്‍ തസ്തികയില്‍ പെന്‍ഷനായവര്‍, 5000 രൂപയില്‍ താഴെ പെന്‍ഷന്‍ വാങ്ങുന്നവര്‍, 10,000/രൂപയില്‍ താഴെ സ്വാതന്ത്ര്യസമര പെന്‍ഷന്‍ വാങ്ങുന്നവര്‍ ഒഴികെ ആദായനികുതി ദാതാക്കള്‍. കുടുംബത്തിന്റെ പ്രതിമാസ വരുമാനം 25000/ രൂപയിലധികമുള്ളവര്‍, നാലുചക്ര വാഹനം സ്വന്തമായുള്ളവര്‍ ഏക ഉപജീവന മാര്‍ഗമായ ടാക്‌സി ഒഴികെ), കുടുംബത്തില്‍ ആര്‍ക്കെങ്കിലം വിദേശ ജോലിയില്‍ നിന്നോ സ്വകാര്യ സ്ഥാപനത്തിലെ ജോലിയില്‍ നിന്നോ പ്രതിമാസം 25000/ രൂപയിലധികം വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. വിവരങ്ങള്‍ക്ക് അതത് താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
താലൂക്ക് സപ്ലൈ ഓഫീസ്, കോഴിക്കോട് 0495 2374885
സിറ്റി റേഷനിംഗ് ഓഫീസ് (നോര്‍ത്ത് ) 0495 2374565
സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്) 0495 2374807
താലൂക്ക് സപ്ലൈ ഓഫീസ്, കൊയിലാണ്ടി 0496 2620253
താലൂക്ക് സപ്ലൈ ഓഫീസ്, വടകര 0496 2522472
താലൂക്ക് സപ്ലൈ ദാഫീസ്, താമരശ്ശേരി 0495 2224030
മത്സ്യബന്ധന യാനങ്ങള്‍ക്ക് ആക്‌സസ് പാസ് 15-വരെ
ആക്‌സസ് പാസ് എടുക്കാത്ത മത്സ്യബന്ധന യാനങ്ങളുടെ ഉടമകള്‍ റിയല്‍ ക്രാഫ്റ്റ് വെബ്‌സൈറ്റിലെ വെസ്സല്‍ ഓണര്‍ ലോഗിന്‍ വഴി ഓണ്‍ലൈന്‍ ആയി ജൂലൈ 15-നു മുമ്പായി അപേക്ഷ നല്‍കേണ്ടതാണ്. ഈ തീയതിക്ക് ശേഷം ആക്‌സസ് പാസ് എടുക്കാത്ത മത്സ്യബന്ധന യാനങ്ങള്‍ക്ക് എക്‌സ്‌ക്ലൂസിവ് ഇക്കാണോമിക്ക് സോണില്‍ മത്സ്യബന്ധനത്തിനു പോവുന്നതിന് അനുമതി നല്കുന്നതല്ല എന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. എക്‌സ്‌ക്ലൂസിവ് ഇക്കാണോമിക്ക് സോണില്‍ മത്സ്യബന്ധനത്തിനു പോവുന്ന എല്ലാ മെക്കനൈസെഡ് യാനങ്ങളും 24 മീറ്ററിനു മുകളിലുള്ള എല്ലാ മോട്ടോറൈസെഡ് യാനങ്ങള്‍ക്കും ആക്‌സസ് പാസ് നിര്‍ബന്ധമാക്കി ഇന്ത്യ ഗവണ്‍മെന്റ് 2025 നവംബര്‍ നാലിന് 732 നമ്പര്‍ ഗസറ്റ് വിഞ്ജപനം പുറപ്പെടുവിച്ചിട്ടുള്ളതാണ്.
പിഎസ്‌സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗേജ് ടീച്ചര്‍ (സംസ്‌കൃതം) (കാറ്റഗറി നം.635/2025) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ജൂലൈ ഒന്നിന് ചുരുക്ക പട്ടിക നിലവില്‍ വന്നതായി പിഎസ്‌സി ജില്ല ഓഫീസര്‍ അറിയിച്ചു.
പിഎസ്‌സി അഭിമുഖം
കോഴിക്കോട് ജില്ലയില്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഫാര്‍മസിസ്റ്റ് (മോഡേണ്‍ മെഡിസിന്‍) (കാറ്റഗറി നം: 29/2025) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും അസ്സല്‍ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖ പരീക്ഷ ജൂലൈ 15,16,17 തിയ്യതികളിലും മൃഗസംരക്ഷണ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2/ലബോറട്ടറി അസിസ്റ്റന്റ്‌റ് ഗ്രേഡ് 2 (കാറ്റഗറി നം: 614/2024) തസ്തികയുടേത് ജൂലൈ 17-നും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് ജില്ലാ ഓഫീസില്‍ വെച്ച് നടത്തുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്‌തെടുത്ത് ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസില്‍ നിശ്ചിത തിയ്യതിയിലും സമയത്തും അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഉദ്യോഗാര്‍ത്ഥികള്‍ പരിഷ്‌കരിച്ച ബയോഡാറ്റ (അപ്പന്‍ഡിക്‌സ്28 എ) പിഎസ്‌സിയുടെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് നല്‍കേണ്ടതാണ്. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക- 0495 2371971).
സപ്പോര്‍ട്ടിംഗ് എഞ്ചിനിയര്‍ നിയമനം
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ഇ-ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ ആനുകൂല്യ വിതരണം സുഗമമായി നടത്തുന്നതിന് കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഒരു വര്‍ഷത്തേക്ക് സപ്പോര്‍ട്ടിംഗ് എഞ്ചിനീയറെ നിയമിക്കുന്നതിന് യോഗ്യരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി-യില്‍ ബിടെക്, എംസിഎ/എംഎസ്‌സി ഐടി/എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്. ഓണറേറിയം: 22,290 രൂപ. പ്രായപരിധി: 35 വയസ്സ്
ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഉള്ളടക്കം ചെയ്ത് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജൂലൈ 21-ന്് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി താഴെ പറയുന്ന വിലാസത്തില്‍ നല്‍കണം. വിലാസം: ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് - 673 020. അപേക്ഷാ ഫോറങ്ങള്‍ കോഴിക്കോട് ജില്ലയിലെ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. ഫോണ്‍: 0495-2370379.
ഗ്യാസ്‌ട്രോഎന്‍ട്രോളജി അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗത്തിലെ ഒഴിവുള്ള രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ 73,500 രൂപ പ്രതിമാസ ശമ്പളത്തില്‍ പരമാവധി ഒരു വര്‍ഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നതുവരെയോ ഏതാണോ ആദ്യം അതുവരെ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനായി എം.ബി.ബി.എസ് ഡിഗ്രി, കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേഷന്‍ എന്നീ യോഗ്യതകളുള്ള ഡോക്ടര്‍മാരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. എം.സി.എച്ച് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.
താല്പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ ജൂലൈ 13-ന് പകല്‍ 11 മണിക്ക് എത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് :0495 2350205.
കമ്മ്യൂണിറ്റി വുമണ്‍ ഫെസ്ലിറ്റേറ്റര്‍ നിയമനം
കമ്മ്യൂണിറ്റി വുമണ്‍ ഫെസ്ലിറ്റേറ്റര്‍ നിയമനത്തിനായി ജൂലൈ 21-ന് രാവിലെ 9.30-ന് വാക്ക് - ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, വുമണ്‍ സ്റ്റഡീസ്, സോഷ്യോളജി തുടങ്ങിയ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ള വനിതകള്‍ക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓഫീസില്‍ അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രായം: 40 വയസ്സ്. അപേക്ഷകര്‍ ജൂലൈ 20-ന് പകല്‍ മൂന്ന് മണിക്ക് മുമ്പായി നേരിട്ടോ, ഫോണ്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യഭ്യാസ യോഗ്യത, പ്രായം, തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ പകര്‍പ്പുകളും സഹിതം നിശ്ചിത സമയത്ത് നേരിട്ട് എത്തേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് റെയില്‍വേ ലിങ്ക് റോഡില്‍ ന്യൂവ്വേ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ : 8281999306.
- Log in to post comments