Skip to main content

2050 വരെ കൊച്ചിക്ക് കുടിവെള്ള സുരക്ഷ ഉറപ്പാക്കുന്ന ദൗത്യം

 

പെരുമാനൂരിലെ ജലസംഭരണികളുടെ നിർമാണ പുരോഗതി ടി.ജെ.വിനോദ് എം.എൽ.എ വിലയിരുത്തി

കൊച്ചി നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 190 എം.എൽ.ഡി കുടിവെള്ള പദ്ധതിയുടെ ഭാഗമായി പെരുമാനൂർ കേരള വാട്ടർ അതോറിറ്റി ക്യാമ്പസിൽ നിർമ്മാണം പുരോഗമിക്കുന്ന ജലസംഭരണികളുടെ പ്രവർത്തനങ്ങൾ ടി.ജെ. വിനോദ് എം.എൽ.എ സന്ദർശിച്ച് വിലയിരുത്തി. 

 

അമൃത് പദ്ധതിയുടെ ഭാഗമായി 15.5 കോടി രൂപ ചെലവിൽ 15 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതല ജലസംഭരണിയും 15 ലക്ഷം ലിറ്റർ ശേഷിയുള്ള ഉപരിതല ജലസംഭരണിയുമാണ് ഇവിടെ നിർമ്മിച്ചുവരുന്നത്. 2025 ഓഗസ്റ്റ് 25-ന് ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ നിലവിൽ 20 ശതമാനം പൂർത്തിയായതായി ഉദ്യോഗസ്ഥർ അറിയിച്ചു. 24 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

 

ജലസംഭരണികളുടെ നിർമ്മാണം പൂർത്തിയാക്കി നിലവിലുള്ള വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതോടെ കൊച്ചി കോർപ്പറേഷനിലെ 55, 56, 61, 62 വാർഡുകളിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായ കുടിവെള്ള വിതരണം ഉറപ്പാക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.

 

കൊച്ചി നഗരത്തിന്റെ ഭാവി കുടിവെള്ള ആവശ്യങ്ങൾ മുൻകൂട്ടിക്കണ്ട് വിഭാവനം ചെയ്തിരിക്കുന്ന 190 എം.എൽ.ഡി പദ്ധതി നഗരത്തിന്റെ വികസനത്തിന് നിർണായകമാണ്. പെരുമാനൂരിലെ ജലസംഭരണികൾ ഈ പദ്ധതിയുടെ പ്രധാന ഘടകമാണ്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കി ജനങ്ങൾക്ക് മികച്ച കുടിവെള്ള വിതരണം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും തുടർന്നും നടത്തും.190 എം.എൽ.ഡി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന അനുബന്ധ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ 2050 വരെയുള്ള കൊച്ചി നഗരത്തിന്റെ കുടിവെള്ള ആവശ്യങ്ങൾക്ക് ദീർഘകാല പരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും സന്ദർശനത്തിനിടെ ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു: 
കൗൺസിലർ കെ.വി.പി. കൃഷ്ണകുമാറും എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.

date