അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത്; ട്രൈസ്കൂട്ടർ വിതരണവും സോളാർ പാനൽ ഉദ്ഘാടനവും നടന്നു
അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കായുള്ള ട്രൈസ്കൂട്ടർ വിതരണവും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സോളാർ പാനൽ ഉദ്ഘാടനവും നടന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതികളാണിവ. ഭിന്നശേഷിക്കാർക്കായുള്ള ട്രൈസ്കൂട്ടർ വിതരണം എം. വിൻസെന്റ് എം.എൽ.എയും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സോളാർ പാനൽ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം കെ. ആൻസലൻ എം.എൽ.എയും നിർവഹിച്ചു.
അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഫ്രാങ്ക്ളിൻ സ്വാഗതം ആശംസിച്ചു. ഭിന്നശേഷിക്കാർക്കായുള്ള ക്ഷേമപദ്ധതികളുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന 28 ഭിന്നശേഷിക്കാർക്ക് ട്രൈസ്കൂട്ടർ ലഭിച്ചു. പത്തൊൻപത് ലക്ഷത്തി അൻപതിനായിരം രൂപ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പാക്കിയത്.
അനെർട്ടുമായി സഹകരിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സോളാർ പാനൽ സ്ഥാപിച്ചത്. 15 കിലോവാട്ട് വൈദ്യുതോത്പാദനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ മറ്റ് ഓഫീസുകളിലും ഇവിടെ ഉദ്പ്പാദിപ്പിക്കുന്ന സൗരോർജ്ജം ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് അതിയന്നൂർ ബി.ഡി.ഒ. അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജെ.ജെ. ധീരജ് മാത്യു, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ, ജീവനക്കാർ, വി.ഇ.ഒ. മാർ, അങ്കണവാടി അധ്യാപകർ, വർക്കർമാർ, സാക്ഷരതാ പ്രവർത്തകർ, പദ്ധതി ഗുണഭോക്താക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
(പി.ആർ.പി. 22/2019)
- Log in to post comments