Skip to main content

വിദ്യാര്‍ത്ഥി ബസ് കണ്‍സഷന്‍: മലപ്പുറം ആര്‍.ടി.ഒ യുടെ അറിയിപ്പ്

സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് മലപ്പുറം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റെഗുലര്‍ കോഴ്‌സുകളില്‍ പഠിക്കുന്ന, ജോലികളില്‍ ഏര്‍പ്പെടാത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. താമസസ്ഥലത്ത് നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള പഠനാവശ്യങ്ങള്‍ക്കായുള്ള യാത്രയ്ക്ക് മാത്രമാണ് ഇത് അനുവദിക്കുക. ഒരു സിംഗിള്‍ യാത്രയില്‍ പരമാവധി 40 കിലോമീറ്റര്‍ വരെയാണ് കണ്‍സഷന്‍. കണ്‍സഷന്‍ ലഭിക്കുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധി 27 വയസ്സായി തുടരും.

സിറ്റി/ടൗണ്‍ സര്‍വീസുകള്‍, ഓര്‍ഡിനറി മൊഫ്യൂസില്‍ സര്‍വീസുകള്‍, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി സര്‍വീസുകള്‍ എന്നിവയില്‍ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ കോഴ്‌സ് കാലയളവിലുടനീളം കണ്‍സഷന്‍ ലഭിക്കും. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതത് സ്ഥാപനമേധാവികള്‍ നല്‍കുന്ന ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിക്കാം.  സ്വകാര്യ/മറ്റ് സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി അതത് സ്ഥാപനമേധാവികള്‍ കോഴ്‌സ് അപ്രൂവല്‍ സര്‍ട്ടിഫിക്കറ്റ്, വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ എന്നിവ സഹിതം പരിധിയിലുള്ള ആര്‍.ടി ഓഫീസില്‍ അപേക്ഷ നല്‍കേണ്ടതാണ്. അപേക്ഷ അംഗീകരിക്കുന്ന മുറയ്ക്ക് https://www.leadsedu.co വെബ്‌സൈറ്റ് വഴിയും എം.വി.ഡി.ലീഡ്‌സ് ആപ്പ് വഴിയും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്ത് സ്ഥാപനങ്ങള്‍ക്ക് കണ്‍സഷന്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
 

date