കോങ്ങാട് മണ്ഡലം അവലോകനയോഗം
പദ്ധതി പുരോഗതിയിൽ വകുപ്പുതല ഏകോപനം ഉറപ്പു വരുത്തുമെന്ന് മന്ത്രി കെ എ തുളസി
സര്‍ക്കാര്‍ പദ്ധതികളുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിന് ബന്ധപ്പെട്ട വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഉറപ്പു വരുത്തുമെന്ന് മന്ത്രി കെ എ തുളസി. ഇക്കാര്യത്തിൽ പ്രായോഗിക തടസങ്ങള്‍ ഉണ്ടെങ്കിൽ അതാതു വകുപ്പുകൾ അറിയിക്കണമെന്നും കിഫ്ബി പദ്ധതികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം പിന്നീട് അറിയിക്കുമെന്നും അവർ പറഞ്ഞു .പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന കോങ്ങാട് മണ്ഡലം അവലോകന യോഗത്തില്‍ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയായിരുന്നു മന്ത്രി.
കോങ്ങാട് ഫയര്‍ & റെസ്ക്യൂ കെട്ടിടനിർമ്മാണം 80 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. 2.5 കോടി രൂപയാണ് നിര്‍മാണചെലവ്. ഗവ. പത്തിരിപ്പാല സ്കൂൾ കെട്ടിടം രണ്ടുമാസത്തില്‍ പൂര്‍ത്തിയാകും. മുട്ടികുളങ്ങര- കമ്പ- കിനാവല്ലൂര്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി കള്‍വര്‍ട്ട് നിര്‍മിച്ചുകഴിഞ്ഞു. ബി.എം പ്രവൃത്തി 90 ശതമാനവും പൂര്‍ത്തിയാക്കി.വിവിധ സബ് ഡിവിഷനുകളുടെ നേതൃത്വത്തില്‍ റോഡുകളില്‍ അറ്റകുറ്റപണി പുരോഗമിക്കുന്നതായും യോഗം വിലയിരുത്തി. മുച്ചൂരി പാലം നവീകരണം പൂര്‍ത്തിയായി. ഒലിപ്പാറ, നൊമ്പരത്തിത്തോട് പാലം, കല്ലാര്‍ പുഴയ്ക്ക് കുറുകെയുള്ള മൂന്നാംത്തോട് പാലം തുടങ്ങിയവയുടെ തല്‍സ്ഥിതിയും വിലയിരുത്തി. മുണ്ടൂര്‍- തൂത റോഡില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേകയോഗം ചേരുമെന്ന് യോഗത്തിൽ മന്ത്രി അറിയിച്ചു.
പ്രത്യേക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഇടക്കുറിശ്ശി റേഷന്‍കട കനാല്‍ റോഡ്, ചെറുള്ളി ചൂരക്കാട് റോഡ് (കരിമ്പ), കൊടിയത്ത് റോഡ് (കേരളശ്ശേരി) എന്നിവ പൂര്‍ത്തിയായിട്ടുണ്ട്. ആസ്തിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന പറളി മൃഗാശുപത്രി കെട്ടിടം, കാളിക്കാവ് പാടശേഖരം റോഡ്, പറളി എ.ഇ.ഒ ഓഫീസ് കെട്ടിടം, തച്ചമ്പാറയില്‍ മത്സ്യഭവന് കെട്ടിടം, പാറശ്ശേരി കൃഷിഭവന് സബ് സെന്റര്‍ എന്നിവയുടെ നിര്‍മാണപ്രവൃത്തികള്‍ ഉടന്‍ പൂർത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു . പറളി ഗ്രാമപഞ്ചായത്തിലെ വട്ടപ്പള്ളം അപ്രോച്ച് റോഡിന് ഒരുകോടിരൂപ കൂടി ബജറ്റില്‍ വകയിരുത്തിയ സാഹചര്യത്തില്‍ എസ്റ്റിമേറ്റ് പുതുക്കാനും മണ്ഡലത്തിലെ അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതി, വില്ലേജ് ഓഫീസുകളുടെ പുരോഗതി, ജല്‍ജീവന്‍ മിഷന് പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കാനും മന്ത്രി നിര്‍ദേശം നല്കി.
വി.കെ ശ്രീകണ്ഠന് എം.പി, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ്, വൈസ് പ്രസിഡന്റ് പി.കെ അഖില്‍, എ.ഡി.എം എ അബ്ദുള്‍ ലത്തീഫ്, അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ എം.പി രാമദാസ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ നൈനാന്, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് പി.കെ ഫൈസല്‍, പൊതുമരാമത്ത് കെട്ടിടം വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.പി കൃഷ്ണപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments