Skip to main content

ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പദ്ധതി ജില്ലാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പദ്ധതി ജില്ലാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

 

ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പ്രത്യേക പരിപാടിയായ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാമിന്റെ 2026-27 വര്‍ഷത്തെ പാലക്കാട് വിദ്യാഭ്യാസ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എം. കെ ഷീലാദേവി പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഓരോ വര്‍ഷവും ഏഴാം തരത്തില്‍ നടത്തുന്ന സി.എം. കിഡ്‌സ് സ്‌കോളര്‍ഷിപ്പ് (യു.പി) പരീക്ഷയില്‍ (യു.എസ്.എസ്) ഓരോ വിദ്യാഭ്യാസ ജില്ലയിലും മികച്ച വിജയം നേടുന്ന 40 വീതം വിദ്യാര്‍ഥികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രത്യേക പരിപോഷണ പദ്ധതിയാണ് ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രത്യേക പഠനാനുഭവങ്ങള്‍ ഒരുക്കാന്‍ 8, 9, 10 ക്ലാസുകളില്‍ മൂന്ന് വര്‍ഷം വിദഗ്ധ ക്ലാസുകള്‍, സര്‍ഗശാലകള്‍, പഠനയാത്രകള്‍, സ്ഥാപന സന്ദര്‍ശനങ്ങള്‍, സെമിനാറുകള്‍, അഭിമുഖങ്ങള്‍, പ്രൊജക്ടുകള്‍, സഹവാസ ക്യാമ്പുകള്‍ മുതലായവ സംഘടിപ്പിക്കുന്നു.

 

പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആസിഫ് അലിയാര്‍ അധ്യക്ഷനായി. ഐ.ഐ.ടി വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. എസ്. ജയശ്രീ മുഖ്യാതിഥിയായി. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. എ. രാജേന്ദ്രന്‍ ക്ലാസെടുത്തു. ഗിഫ്റ്റഡ് പ്രോഗ്രാം വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. ജെ. സാംകുഞ്ഞ്, റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളായ സി. പ്രീത, പി. ജിജേഷ്, ഉപജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

date