ശ്രവണസഹായി നൽകാൻ ഇടപെട്ട മന്ത്രിയെ കാണാൻ അഭിനന്ദ് എത്തി
കേൾവി വെല്ലുവിളി നേരിടുന്ന തനിയ്ക്ക് ശ്രവണസഹായ ഉപകരണം ലഭ്യമാക്കാൻ ഇടപെട്ട അന്നത്തെ എം.എൽ.എയും ഇപ്പോൾ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തലയെ കാണാൻ 15-കാരൻ അഭിനന്ദ്. സി എത്തി. ശ്രീകണ്ഠപുരം ഗവ. എച്ച്എസ്എസിൽ നടന്ന ഓപ്പറേഷൻ തൂഫാൻ പരിപാടിയുടെ വേദിയിലാണ് അഭിനന്ദ് അമ്മ സ്മിതയ്ക്കും അച്ഛൻ ലക്ഷ്മണനുമൊത്ത് എത്തിയത്. മന്ത്രിയെ നേരിൽ കണ്ടു സംസാരിച്ചതോടെ മന്ത്രി തന്നെ അഭിനന്ദിനെ വേദിയിലേക്ക് വിളിച്ചു സദസിന് പരിചയപ്പെടുത്തി. എം.എൽ.എ ആയിരുന്ന വേളയിൽ ഒരു വർഷം മുമ്പ് ഒരു ചാനലിൽ അഭിനന്ദിന്റെ വാർത്ത കണ്ട രമേശ് ചെന്നിത്തല അക്ബർ ട്രാവൽസ് വഴി ഇടപെട്ടാണ് അഞ്ചു ലക്ഷത്തിൽ കൂടുതൽ രൂപ വിലയുള്ള ശ്രവണസഹായ ഉപകരണം ആസ്‌ത്രേലിയയിൽ നിന്ന് ലഭ്യമാക്കിയതെന്ന് സ്മിത പറഞ്ഞു. ഉപകരണം കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ഘടിപ്പിച്ചതോടെ അഭിനന്ദിന് കേൾവി സാധ്യമായി. തളിപ്പറമ്പ് കാരക്കുണ്ട് ഡോൺ ബോസ്കോ സ്പെഷ്യൽ സ്കൂളിൽ പത്താം തരം വിദ്യാർത്ഥിയാണ്.
- Log in to post comments