Skip to main content

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: കരട് വോട്ടർ പട്ടിക ഇന്ന് (ജൂലൈ 21) പ്രസിദ്ധീകരിക്കും

ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കരട് വോട്ടർ പട്ടിക ഇന്ന് (ജൂലൈ 21) പ്രസിദ്ധീകരിക്കും. അതത് പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് ആസ്ഥാനങ്ങൾ, വില്ലേജ്, താലൂക്ക് ഓഫീസുകൾ എന്നിവിടങ്ങളിലാണ് പട്ടിക പ്രസിദ്ധീകരിക്കുക. കൗൺസിലർമാരുടെയും അംഗങ്ങളുടെയും ആകസ്മിക ഒഴിവുകൾ നികത്തുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വോട്ടർ പട്ടിക പുതുക്കുന്നത്. 2026 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ് തികഞ്ഞവർക്കാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ യോഗ്യതയുള്ളത്

 വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ തളി (വാർഡ് 13), വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ എടത്തിരിഞ്ഞി (വാർഡ് 01), തളിക്കുളം ഗ്രാമപഞ്ചായത്തിലെ ആര്യംപാടം (വാർഡ് 13), ചേലക്കര ഗ്രാമപഞ്ചായത്തിലെ കറുമല കിഴക്കുമുറി (വാർഡ് 16), ചാലക്കുടി നഗരസഭയിലെ മുനിസിപ്പൽ ഓഫീസ് (വാർഡ് 24) എന്നീ ജനറൽ വിഭാഗം നിയോജകമണ്ഡലങ്ങളിലാണ് വോട്ടർ പട്ടിക പുതുക്കുന്നത്. ഇതിൽ വടക്കാഞ്ചേരി ബ്ലോക്കിൽ വരവൂർ ഗ്രാമപഞ്ചായത്തിലെ 12, 13, 14, 15, 16 വാർഡുകളും എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡും പുതുക്കലിൽ ഉൾപ്പെടും. വെള്ളാങ്കല്ലൂർ ബ്ലോക്കിൽ പടിയൂർ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, 13, 14, 15 എന്നീ വാർഡുകളിലെ പട്ടികയാണ് പുതുക്കുക.

കരട് പട്ടികയിൽ പുതിയ അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് അഞ്ച് ആണ്. ഇതിന്മേൽ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ തുടർനടപടികൾ സ്വീകരിച്ച് വോട്ടർ പട്ടിക പുതുക്കുന്ന നടപടികൾ ഓഗസ്റ്റ് 17-ഓടെ പൂർത്തിയാക്കും. അന്തിമ വോട്ടർ പട്ടിക ഓഗസ്റ്റ് 19-ന് ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പൊതുസൗകര്യാർത്ഥം പോളിംഗ് സ്റ്റേഷനുകളിലോ വോട്ടെണ്ണൽ കേന്ദ്രങ്ങളിലോ മാറ്റം ആവശ്യമുണ്ടെങ്കിൽ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ച് ബന്ധപ്പെട്ട വരണാധികാരികളുടെ ശുപാർശ സഹിതം ഓഗസ്റ്റ് 16-ന് മുൻപായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമർപ്പിക്കേണ്ടതാണ്.

date