Skip to main content

*'ഹെൽത്തി കേരള': ജില്ലയിലെ 1,151 ഭക്ഷണശാലകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന; 1.5 ലക്ഷം രൂപ പിഴ ഈടാക്കി*

'ഹെൽത്തി കേരള' പരിപാടിയുടെ ഭാഗമായി ജില്ലയിൽ ഭക്ഷണം നിർമ്മിച്ച് വിതരണം ചെയ്യുന്ന 1,151 സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്ത പരിശോധന നടത്തി. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം ജില്ലാ സർവൈലൻസ് ഓഫീസർ, ജില്ലാ ടെക്നിക്കൽ അസിസ്റ്റന്റ് എന്നിവരുടെ നേതൃത്വത്തിലാണ് ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ, കാറ്ററിംഗ് യൂണിറ്റുകൾ, വഴിയോരക്കച്ചവട കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന പൂർത്തിയാക്കിയത്.

പരിശോധനയിൽ കേരള പഞ്ചായത്തീരാജ് നിയമപ്രകാരം ഗുരുതര നിയമലംഘനം കണ്ടെത്തിയ വിവിധ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുകയും ആകെ 1.5 ലക്ഷം രൂപ പിഴ ചുമത്തി നോട്ടീസ് നൽകുകയും ചെയ്തു. കൂടാതെ, കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചിത്വക്കുറവുകൾ കണ്ടെത്തിയ 126 സ്ഥാപനങ്ങൾക്ക് പോരായ്മകൾ പരിഹരിക്കുന്നതിനായി ലീഗൽ നോട്ടീസ് അയച്ചു. ദേശീയ പുകയില നിയന്ത്രണ നിയമം  ലംഘിച്ച സ്ഥാപനങ്ങളിൽ നിന്നും പൊതുസ്ഥലങ്ങളിൽ പുകവലിച്ച വ്യക്തികളിൽ നിന്നുമായി 11,800 രൂപ പിഴയീടാക്കിയിട്ടുണ്ട്.

ഷിഗല്ല, വയറിളക്ക രോഗങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ഭക്ഷണശാലകൾ ശുചിത്വം കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി അറിയിച്ചു. ഉപഭോക്താക്കൾക്ക് കുടിക്കാൻ തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രം നൽകുക, കിണറുകളും വാട്ടർ ടാങ്കുകളും കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്തു വൃത്തിയാക്കുക, ഉപയോഗിക്കുന്ന വെള്ളം അംഗീകൃത ലാബുകളിൽ പരിശോധിച്ചു സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക, ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് നിയമാനുസൃതമായ ഹെൽത്ത് കാർഡ് ഉറപ്പാക്കുക, സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ എല്ലാ സ്ഥാപനങ്ങളും നിർബന്ധമായും പാലിക്കണമെന്നും ഡി.എം.ഒ പറഞ്ഞു.

date