Skip to main content

കെന്റ് മഹൽ മലിനജല പ്രശ്നം: സംസ്കരണ പ്ലാന്റും പൈപ്പ് ലൈനും സ്ഥാപിക്കും 

 

കെന്റ് മഹൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽനിന്ന് മലിനജലം പുറത്തേക്ക് ഒഴുകിയെത്തുന്ന വിഷയത്തിൽ  പരിഹാരത്തിന് വഴിതെളിഞ്ഞു. പ്രദേശത്തെ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ജനരോഷം ശക്തമായ സാഹചര്യത്തിൽ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, കുന്നത്തുനാട് എം.എൽ.എ. വി. പി. സജീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ്  തീരുമാനങ്ങൾ കൈക്കൊണ്ടത്. 

അപ്പാർട്ട്മെന്റ് കോംപ്ലക്സിനുള്ളിൽ തന്നെ ഒരു അത്യാധുനിക മലിനജല സംസ്കരണ പ്ലാന്റ് കൂടി  സ്ഥാപിക്കും. ഇതിന്റെ ചെലവ് റെസിഡന്റ്സ് അസോസിയേഷനും ബിൽഡറും സംയുക്തമായി വഹിക്കും. സംസ്കരിച്ച ജലം ഒഴുക്കിക്കളയുന്നതിനായി അപ്പാർട്ട്മെന്റിൽനിന്ന് കോഴിച്ചിറ ബണ്ട്- മനക്കത്തോട് വരെ  പൈപ്പ് ലൈൻ സ്ഥാപിക്കും. പൈപ്പ് ലൈൻ നിർമ്മാണത്തിന് കൊച്ചി കോർപ്പറേഷൻ, കെ.എസ്.ഇ.ബി., വാട്ടർ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവരുടെ ഏകോപനം ഉറപ്പാക്കും. 

 

കൊച്ചി കോർപ്പറേഷന്റെ മലിനജല സംസ്കരണ പ്ലാന്റിന് സമീപം പ്രത്യേക സാംപ്ലിങ് പോയിന്റ് സജ്ജീകരിക്കും.
വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് ചുമതലപ്പെടുത്തുന്ന സ്വകാര്യ ലാബ് ദിവസേന  സാമ്പിളുകൾ ശേഖരിച്ച് ഇ-കോളി സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ ജലം ബണ്ടിലേക്ക് ഒഴുക്കൂ. ലാബിന്റെ പ്രവർത്തനച്ചെലവ് റെസിഡന്റ്സ് അസോസിയേഷൻ പഞ്ചായത്തിന് നൽകണമെന്നും യോഗം നിർദ്ദേശിച്ചു.  

 

അപ്പാർട്ട്മെന്റ് വളപ്പിൽ മലിനീകരണത്തിന് കാരണമാകുന്ന രീതിയിലുള്ള കിണറുകളോ കുഴൽ കിണറുകളോ  ഉണ്ടോയെന്ന് പരിശോധിക്കാൻ ശുചിത്വ മിഷനും മലിനീകരണ നിയന്ത്രണ ബോർഡിനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി. 

 

അപ്പാർട്ട്മെന്റിൽനിന്നുള്ള മലിനജലമൊഴുക്ക് പൂർണ്ണമായി നിലയ്ക്കുന്ന മുറക്ക്  സമരം അവസാനിപ്പിക്കുമെന്ന് സമരസമിതി ഭാരവാഹികൾ യോഗത്തിൽ വ്യക്തമാക്കി.

 

യോഗ തീരുമാനങ്ങൾ അഡ്വക്കേറ്റ് ജനറൽ മുഖേന ഹൈക്കോടതിയെ അറിയിക്കും.

അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, വടവുകോട്-പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് റെജി തോമസ്, വൈസ് പ്രസിഡന്റ് ദീപ ബിജു, സമരസമിതി അംഗങ്ങൾ, ബിൽഡർ, റെസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date