റവന്യൂ വകുപ്പിന്റെ 100 ദിന കർമ്മപദ്ധതി: ഭൂമി തരംമാറ്റവും പട്ടയ വിതരണവും വേഗത്തിലാക്കും - മന്ത്രി എ.പി. അനിൽകുമാർ
ഭൂപ്രശ്‌നങ്ങളിൽ സമയബന്ധിത പരിഹാരം
ഉപാധി രഹിത പട്ടയം ആലോചനയിൽ
റവന്യൂ വകുപ്പിൻ്റെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഭൂമി തരംമാറ്റ, പട്ടയ അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കുന്നതിന് പ്രത്യേക കർമ്മപദ്ധതിക്ക് തുടക്കമിട്ടതായി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. റവന്യൂ വകുപ്പിൻ്റെ വിവിധ പ്രവർത്തനങ്ങൾ, വകുപ്പിന്റെ 100 ദിന കർമ്മ പരിപാടി, ഡിജിറ്റൽ റീസർവേ, വികസന പദ്ധതികൾക്കായുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ തുടങ്ങിയവയുടെ പുരോഗതി വിലയിരുത്താൻ ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കളക്‌ടറേറ്റ് കോൺഫ്രൻസ് ഹാളിൽ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി.
നിലവിൽ സംസ്ഥാനത്തൊട്ടാകെ ഏതാണ്ട് 2.5 ലക്ഷത്തോളം ഭൂമി തരംമാറ്റ അപേക്ഷകൾ പെൻഡിംഗിലുണ്ട്. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം 35,000-ത്തിലധികം അപേക്ഷകളാണ് തീർപ്പാക്കാനുള്ളത്. 100 ദിവസത്തെ കർമ്മപരിപാടിയിലൂടെ കുറഞ്ഞത് 25,000 അപേക്ഷകളെങ്കിലും പൂർണ്ണമായി തീർപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കോഴിക്കോട് ജില്ലയിൽ നിശ്ചയിച്ച ക്വാട്ടയേക്കാൾ കൂടുതൽ പട്ടയ അപേക്ഷകൾ തീർപ്പാക്കാൻ ഉദ്യോഗസ്ഥർ സന്നദ്ധത അറിയച്ചതായി മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് അഞ്ച് സെന്റ് മുതൽ 15 സെന്റ് വരെയുള്ള സാധാരണക്കാരുടെ അപേക്ഷകളിൽ ഉദാരമായ സമീപനം സ്വീകരിക്കും. പ്രത്യേകിച്ച്, വീട് നിർമ്മിക്കുന്നവർക്ക് ഭൂമി തരംമാറ്റം അത്യന്താപേക്ഷിതമായതിനാൽ ഈ വിഭാഗത്തിന് പ്രത്യേക മുൻഗണന നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
പട്ടയ വിതരണത്തിന്റെ കാര്യത്തിൽ തീരദേശ മേഖലയിലെയും മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെയും തടസ്സങ്ങൾ ഒഴിവാക്കി വേഗത്തിൽ നടപടി പൂർത്തിയാക്കും. മലയോര മേഖലകൾ, ആദിവാസി മേഖലകൾ, പട്ടികജാതി മേഖലകൾ എന്നിവിടങ്ങളിൽ 10 മുതൽ 15 സെന്റ് വരെ ഭൂമിയുള്ള അർഹരായവർക്ക് പട്ടയം നൽകുന്നതിന് പ്രത്യേക പ്രാധാന്യം നൽകും.
പട്ടയം വഴി ലഭിച്ച ഭൂമി കൈമാറ്റം ചെയ്യുന്നതിനായുള്ള പഴയ കാലപരിധിയിലെ നിബന്ധനകൾ ലളിതമാക്കാനും ഉപാധി രഹിത പട്ടയം നൽകുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. ഭൂമി ലഭിച്ച വ്യക്തിക്ക് അതിന്റെ പൂർണ്ണമായ അവകാശവും വിനിയോഗ സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന തരത്തിലുള്ള നിയമപരമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്. കൂടാതെ, വിവിധ താലൂക്കുകളിൽ ദീർഘകാലമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രാദേശിക ഭൂപ്രശ്നങ്ങൾ പ്രത്യേകമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും, ഭരണപരമായ തടസ്സങ്ങൾ ഒഴിവാക്കി സാധാരണക്കാരായ ജനങ്ങൾക്ക് ഭൂമിയിൽ പൂർണ്ണ അവകാശം ലഭ്യമാക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഏതാവശ്യങ്ങൾക്ക് വരുന്ന ജനങ്ങളെയും കേൾക്കാൻ ഉദ്യോഗസ്ഥർ തയ്യാറാവണമെന്നും ചെയ്യാവുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കുകയും പറ്റാത്ത കാര്യങ്ങളിൽ അവരെ സമാശ്വസിപ്പിക്കുകയും ചെയ്യണമെന്നും ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി നിർദ്ദേശിച്ചു. സേവനം ജനങ്ങളുടെ അവകാശമാണ്. അവരുടെ എല്ലാ പ്രശ്നങ്ങളും അഡ്രസ് ചെയ്യപ്പെടണം.
കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിന് ശേഷം ജില്ലയിലെ വില്ലേജ് ഓഫീസർമാരുമായി മന്ത്രി ഓൺലൈനായി ആശയവിനിമയം നടത്തി. ജനങ്ങൾക്കു മുന്നിൽ സർക്കാറിൻ്റെ മുഖമായി നിൽക്കുന്നത് വില്ലേജ് ഓഫീസുകളാണെന്നും ആ ഉത്തരവാദിത്ത ബോധത്തോടെ വില്ലേജ് ഓഫീസർമാർ പ്രവർത്തിക്കണമെന്നും അദ്ദേഹം ഉണർത്തി. റവന്യൂ, ഭൂ വിഷയങ്ങളുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസർമാരുടെ നിർദ്ദേശങ്ങൾ മന്ത്രി കേൾക്കുകയും സാധ്യമായത് പരിഗണിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
യോഗങ്ങളിൽ ലാൻഡ് റവന്യൂ കമ്മിഷണർ എച്ച്. ദിനേശൻ, ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി, സർവ്വേ വകുപ്പ് ഡയറക്ടർ ജെ.ഒ അരുൺ, എ.ഡി.എം ഷറീന ക., സബ് കളക്‌ടർ എസ് ഗൗതം രാജ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. പി.കെ ജയശ്രീ, ഡെപ്യൂട്ടി കളക്‌ടർമാർ, തഹസിൽദാർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയില്‍ 46 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ യാഥാര്‍ഥ്യമായി
ജില്ലയില്‍ 46 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പ്രവൃത്തി പൂര്‍ത്തിയായതായി റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല റവന്യൂ അവലോകന യോഗത്തില്‍ അറിയിച്ചു. 72 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചിരുന്നത്. ഭൂമി പതിച്ചുനല്‍കല്‍, പട്ടയ വിതരണം, ഡിജിറ്റല്‍ സര്‍വേ, മിച്ചഭൂമി, വിവിധ വകുപ്പുകളുടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവയുടെ പുരോഗതി യോഗം വിലയിരുത്തി.
ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ 64.56 ശതമാനം പൂര്‍ത്തിയായി. ഡിജിറ്റല്‍ സര്‍വേ സമയബന്ധിതമായി പൂര്‍ത്തിയാക്കി തീരദേശ മേഖലകളിലെയും പുഴ പുറമ്പോക്കിലെയും പട്ടയ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണും. സര്‍വേ പൂര്‍ത്തിയാകുന്ന മുറയ്ക്ക് അര്‍ഹരായ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും തീരുമാനിച്ചു.
ജില്ലയില്‍ ഇതുവരെ 19,854 എല്‍.ടി പട്ടയങ്ങള്‍, 609 എല്‍.എ പട്ടയങ്ങള്‍, 304 മിച്ചഭൂമി പട്ടയങ്ങള്‍, 800 ദേവസ്വം പട്ടയങ്ങള്‍ എന്നിവ വിതരണം ചെയ്തു. ശേഷിക്കുന്ന അപേക്ഷകളുടെ പരിശോധന പൂര്‍ത്തിയാക്കി അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും എത്രയും വേഗം പട്ടയം നല്‍കും. എസ്.സി/എസ്.ടി കോളനികളില്‍ ശേഷിക്കുന്ന പട്ടയ വിതരണ നടപടികള്‍ പ്രത്യേക പരിഗണനയോടെ പൂര്‍ത്തിയാക്കും. വിവിധ താലൂക്കുകളില്‍ എന്‍.ഒ.സി, സര്‍വേ തുടങ്ങിയ നടപടികള്‍ പൂര്‍ത്തിയാക്കി അര്‍ഹരായ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും തീരുമാനിച്ചു.
കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി താലൂക്കുകളിലെ മിച്ചഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ നടപടി സ്വീകരിച്ച് വരുന്നതായും നിരവധി കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭൂമിയിലെ കൈവശക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പി.ഡബ്ല്യൂ.ഡി റോഡുകളോട് ചേര്‍ന്നുള്ള കൈവശഭൂമികള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള തടസ്സം പരിഹരിക്കുന്നതും യോഗം ചര്‍ച്ച ചെയ്തു. ഭൂമി തരംമാറ്റത്തിനുള്ള 79,375 അപേക്ഷകളില്‍ 44,042 എണ്ണം തീര്‍പ്പാക്കി. ദുരന്ത നിവാരണം, പ്രകൃതി ദുരന്തം എന്നിവയുമായി ബന്ധപ്പെട്ട് 2022 മുതല്‍ 2025 വരെ 15,00,44,700 രൂപ അനുവദിച്ചു. പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന 370 റോഡുകളില്‍ 116 എണ്ണത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. 129 എണ്ണത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു.
വിവിധ പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തി. ഭൂമി കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട 430 കേസുകളാണ് ജില്ലയിലുള്ളത്. കൈയേറ്റങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള സര്‍വേ നടപടികള്‍ പുരോഗമിക്കുകയാണെന്നും യോഗത്തില്‍ അറിയിച്ചു.
- Log in to post comments