Skip to main content

സെൻസസ് 2027: ഒന്നാംഘട്ട പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആദ്യമായി  പൂർത്തിയാക്കി കുട്ടനാട് താലൂക്ക് ആലപ്പുഴ ജില്ലയിൽ മാവേലിക്കര മുനിസിപ്പാലിറ്റിയും നേട്ടത്തിൽ

 സെൻസസ് 2027-ന്റെ  ഒന്നാംഘട്ട പ്രവർത്തനങ്ങളായ ഹൗസ് ലിസ്റ്റിംഗും (House Listing) ഹൗസിംഗ് സെൻസസും (Housing Census) ജൂലൈ 1 മുതൽ 30 വരെ സംസ്ഥാനത്തുടനീളം പുരോഗമിക്കുകയാണ്. ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്ക് ഓഫീസും മാവേലിക്കര മുനിസിപ്പാലിറ്റിയും ജൂലൈ 26-ന് തന്നെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കി.
        സംസ്ഥാനത്തെ 78 താലൂക്ക് ഓഫീസുകളിൽ നിന്ന് ഒന്നാംഘട്ട സെൻസസ് പ്രവർത്തനങ്ങൾ ആദ്യമായി പൂർത്തിയാക്കിയ താലൂക്ക് എന്ന സവിശേഷ നേട്ടമാണ് കുട്ടനാട് താലൂക്ക് സ്വന്തമാക്കിയത്. നഗരസഭാ മേഖലകളിൽ മാവേലിക്കര മുനിസിപ്പാലിറ്റിയും ഒന്നാംഘട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.
സംസ്ഥാനത്തെ പഞ്ചായത്ത് മേഖലകളിൽ സെൻസസ് ചാർജ് ഓഫീസർമാരായി തഹസിൽദാർമാരും നഗരസഭാ മേഖലകളിൽ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുമാണ് പ്രവർത്തിക്കുന്നത്.
കുട്ടനാട് താലൂക്കിൽ ആകെ 320 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകൾ (HLB) ഉൾപ്പെട്ടിരുന്നു. കായലും കരയും ഇടകലർന്നതും ഗതാഗത-ഭൗമശാസ്ത്രപരമായി വെല്ലുവിളി നിറഞ്ഞതുമായ പ്രദേശമായിട്ടും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് ഈ നേട്ടം കൈവരിച്ചത്. സെൻസസ് ചാർജ് ഓഫീസർ, മേൽനോട്ട ഉദ്യോഗസ്ഥർ, എൻയൂമറേറ്റർമാർ, മറ്റ് ബന്ധപ്പെട്ട ജീവനക്കാർ എന്നിവർ നടത്തിയ ആത്മാർഥവും ഏകോപിതവുമായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ വിജയം.
            ഈ ശ്രദ്ധേയമായ നേട്ടത്തിന് നേതൃത്വം നൽകിയ കുട്ടനാട് തഹസിൽദാർ പി. കെ. സൗമ്യ, താലൂക്ക് ഓഫീസിലെ ജീവനക്കാർ, മാവേലിക്കര മുനിസിപ്പൽ സെക്രട്ടറി മേഘ മേരി കോശി, മുനിസിപ്പാലിറ്റിയിലെ ജീവനക്കാർ എന്നിവരെ ജില്ലാ പ്രിൻസിപ്പൽ സെൻസസ് ഓഫീസറും ജില്ലാ കലക്ടറുമായ  ഷാജി വി. നായർ അഭിനന്ദിച്ചു.                           
           ആലപ്പുഴ ജില്ലയിൽ ആകെ 3,707 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളിൽ (HLB) 2,607 HLB-കളിലെ എൻയൂമറേഷൻ പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായതായി ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിലെ എല്ലാ HLB-കളിലെയും ഒന്നാംഘട്ട എൻയൂമറേഷൻ പ്രവർത്തനങ്ങൾ ജൂലൈ 28-നകം പൂർത്തിയാക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

date