ജില്ലയില്‍ ഭൂമിതരംമാറ്റുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണം : ജില്ലാ വികസന സമിതി
ജില്ലയിലെ ഭൂമിതരം മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. ജീവനക്കാരുടെ കുറവോ, മറ്റ് സാങ്കേതിക തടസങ്ങളോ ബാധിക്കാത്ത വിധത്തില്‍ കാലതാമസം കൂടാതെ തരംമാറ്റം പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മഴ ലഭ്യത കുറവായതിനാല്‍ പറമ്പിക്കുളം - ആളിയാര്‍ പദ്ധതിയിലൂടെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് കൂടാതെ കുടിവെള്ളവും ലഭിക്കുന്നതിനുള്ള ശ്രമം നടത്തുമെന്ന് സുമേഷ് അച്യുതന്‍ എം എല്‍ എ പറഞ്ഞു. മലമ്പുഴ, ചിറ്റൂര്‍ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന പാറ - പൊള്ളാച്ചി റോഡില്‍ ഇരട്ടക്കുളം മുതല്‍ ഗോപാലപുരം വരെയുള്ള ഭാഗം ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാരിലേക്ക് പ്രമേയമായി നല്‍കുമെന്ന് എം എല്‍ എ പറഞ്ഞു.
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകളുടെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് പി മമ്മിക്കുട്ടി എംഎല്‍ എ ആവശ്യപ്പെട്ടു. മലമ്പുഴ ഉദ്യാനത്തിന്റെ നവീകരണ പ്രവൃത്തികള്‍ ഊര്‍ജിതമാക്കുന്നതിന് ഇറിഗേഷന്‍, ടൂറിസം വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്ന് എ പ്രഭാകരന്‍ എം എല്‍ എ ആവശ്യപ്പെട്ടു.
പറമ്പിക്കുളം മേഖലയില്‍ സോളാര്‍ വൈദ്യുതി എത്തിക്കുന്നത് സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കണമെന്നും പുരോഗതി കൃത്യമായി വിലയിരുത്തണമെന്നും കെ പ്രേമന്‍ എം എല്‍ എ യോഗത്തില്‍ ആവശ്യപ്പെട്ടു. ഭാരതപ്പുഴയിലേക്ക് മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുഹമ്മദ് മുഹസിന്‍ എം എല്‍ എ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും കെ പ്രേംകുമാര്‍ എം എല്‍ എ ആവശ്യപ്പെട്ടു.
എ ഡി എം എ അബ്ദുള്‍ ലത്തീഫിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ടി എം ശശി എം എല്‍എ, ഇ ടി മുഹമ്മദ് ബഷീര്‍ എം പി യുടെ പ്രതിനിധി എസ് എം കെ തങ്ങള്‍, ആര്‍ ഡി ഒ കെ ദേവകി, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments