Skip to main content

എം.പി. ഇടപെട്ടു; തപാല്‍ ജീവനക്കാരുടെ ഷിഫ്റ്റ് പരിഷ്‌കാരം മരവിപ്പിച്ചു

തപാല്‍ വകുപ്പിലെ മെയില്‍ ആന്‍ഡ് പാഴ്സല്‍ ഒപ്റ്റിമൈസേഷന്‍ പ്രോജക്ടിന്റെ ഭാഗമായി കൊച്ചി എച്ച്.ആര്‍.ഒ-യില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്ന 8 മണിക്കൂര്‍ തുടര്‍ച്ചയായ റൊട്ടേഷണല്‍ ഷിഫ്റ്റ് സമ്പ്രദായം കേന്ദ്ര തപാല്‍ ഡയറക്ടറേറ്റ് താല്‍ക്കാലികമായി മരവിപ്പിച്ചു. ജീവനക്കാരുടെ കടുത്ത ആശങ്കകള്‍ മുന്‍നിര്‍ത്തി ഇടുക്കി എം.പി. അഡ്വ. ഡീന്‍ കുര്യാക്കോസ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നല്‍കിയ അടിയന്തിര നിവേദനത്തെ തുടര്‍ന്നാണ്  അനുകൂല തീരുമാനം.

രാജ്യവ്യാപകമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കാരത്തിന്റെ ആദ്യ ഘട്ട കേന്ദ്രങ്ങളിലൊന്നായി കൊച്ചി എച്ച്.ആര്‍.ഒ-യെയായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതുപ്രകാരം ജീവനക്കാര്‍ക്കായി മൂന്ന് കര്‍ശനമായ 8 മണിക്കൂര്‍ ഷിഫ്റ്റുകളാണ് (രാവിലെ 06:00 മുതല്‍ ഉച്ചയ്ക്ക് 02:00 വരെ, ഉച്ചയ്ക്ക് 02:00 മുതല്‍ രാത്രി 10:00 വരെ, രാത്രി 10:00 മുതല്‍ പുലര്‍ച്ചെ 06:00 വരെ) വിഭാവനം ചെയ്തിരുന്നത്. പതിറ്റാണ്ടുകളായി തപാല്‍ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതോടൊപ്പം ജീവനക്കാരുടെ ക്ഷേമവും ഉറപ്പാക്കിയിരുന്ന നിലവിലെ സമയക്രമം അട്ടിമറിക്കുന്നതായിരുന്നു പുതിയ നിര്‍ദേശം.

പുതിയ ഷിഫ്റ്റ് സമ്പ്രദായം ജീവനക്കാര്‍ക്ക്, പ്രത്യേകിച്ച് വനിതാ ജീവനക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പുലര്‍ച്ചെ 6 മണിക്ക് ജോലിക്കെത്താനും രാത്രി 10 മണിക്ക് ജോലി കഴിഞ്ഞ് മടങ്ങാനും കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ആവശ്യത്തിന് പൊതുഗതാഗത സൗകര്യങ്ങള്‍ ലഭ്യമല്ലാത്തത് സുരക്ഷാ ഭീഷണിയുയര്‍ത്തുന്നതായിരുന്നു. കൂടാതെ ഇടയ്ക്കിടെയുള്ള ഷിഫ്റ്റ് മാറ്റം ജീവനക്കാരുടെ കുടുംബജീവിതത്തെ ബാധിക്കുമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍സ് പരാതിപ്പെട്ടിരുന്നു.

തുടര്‍ന്ന് സംഘടനകള്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി. വിഷയം നേരിട്ട് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും, കൃത്യമായ സാമൂഹിക-തൊഴില്‍ ആഘാത പഠനങ്ങള്‍ നടത്താതെയും യൂണിയനുകളുമായി ചര്‍ച്ച ചെയ്യാതെയും നടപ്പിലാക്കുന്ന ഈ പരിഷ്‌കാരം അടിയന്തിരമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇതേതുടര്‍ന്ന്, ഫീല്‍ഡ് തലങ്ങളില്‍ നിന്നുള്ള ആക്ഷേപങ്ങള്‍ കൂടി പരിശോധിച്ച ശേഷമാണ് തപാല്‍ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ദേവേന്ദര്‍ കുമാര്‍ സിംഗ് തുടര്‍ ഉത്തരവുണ്ടാകുന്നത് വരെ തുടര്‍ച്ചയായ സോര്‍ട്ടിംഗുമായി ബന്ധപ്പെട്ട ബി.പി.ആര്‍ പരിഷ്‌കാരങ്ങള്‍ മരവിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി എം.പി. നടത്തിയ ശക്തമായ ഇടപെടലിന് ഒടുവില്‍ അനുകൂല ഫലം കണ്ടതിന്റെ ആശ്വാസത്തിലാണ് പോസ്റ്റല്‍ ജീവനക്കാര്‍.

 

date