നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക്' ദക്ഷിണമേഖലാ ദേശീയ ശിൽപ്പശാലയിൽ അഞ്ച് സംസ്ഥാനങ്ങളുടെ കർമപദ്ധതി തയ്യാറായി
ശിൽപ്പശാലയിൽ ശ്രദ്ധ നേടി കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ വായ്പാ തിരിച്ചടവിൻ്റെ കൃത്യത ഉറപ്പാക്കുന്നതിനുള്ള മോണിറ്ററിങ് സംവിധാനവും ഓഡിറ്റ് മാതൃകയും
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദക്ഷിണമേഖലാ ദേശീയ ശിൽപ്പശാലയുടെ മൂന്നാം ദിനത്തിൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും തങ്ങളുടെ സംസ്ഥാനതല കർമപദ്ധതികൾ തയ്യാറാക്കി. ഇതോടൊപ്പം കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ വായ്പാ തിരിച്ചടവിന്റെ കൃത്യത ഉറപ്പാക്കുന്നത്തിനുള്ള നിരീക്ഷണ സംവിധാനം, കാര്യക്ഷമമായ ഓഡിറ്റ് മാതൃക എന്നിവയും ശിൽപ്പശാലയിൽ ശ്രദ്ധ നേടി.
കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകളെ കൂടുതൽ കാര്യക്ഷമവും സാമ്പത്തികമായി സ്വയംപര്യാപ്തവുമായ സ്ഥാപനങ്ങളാക്കി മാറ്റുകയും സ്വയംസഹായ സംഘങ്ങളിലെ സ്ത്രീകളുടെയും കുടുംബങ്ങളുടെയും സാമൂഹിക-സാമ്പത്തിക സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കർമപദ്ധതികൾ രൂപീകരിച്ചത്. പഞ്ചായത്തീരാജ് സ്ഥാപനങ്ങളും സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനങ്ങളും തമ്മിലുള്ള ഏകോപനത്തിനും കർമ്മ പദ്ധതിയിൽ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്.
ശനിയാഴ്ച സംസ്ഥാനങ്ങൾ തയ്യാറാക്കിയ കർമപദ്ധതികൾ ദേശീയ-സംസ്ഥാനതല വിദഗ്ധർ വിലയിരുത്തും. കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, പുതുച്ചേരി സംസ്ഥാന ഉപജീവന മിഷനുകളുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറും ഈ വിലയിരുത്തലിൽ പങ്കെടുക്കും. ഇവർ കൂടി
നൽകുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ സംസ്ഥാനവും അന്തിമ കർമപദ്ധതി തയ്യാറാക്കും. തുടർന്ന് ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകളെ സാമ്പത്തിക സുസ്ഥിരതയും മികച്ച ഭരണശേഷിയും കൈവരിച്ച വനിതാ നേതൃത്വ സ്ഥാപനങ്ങളാക്കി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കും.
ശിൽപ്പശാലയിൽ കുടുംബശ്രീയുടെ സി.ഡി.എസ്–എ.ഡി.എസ്–അയൽക്കൂട്ടം എന്നിവ ഉൾപ്പെടുന്ന ത്രിതല സംഘടനാ സംവിധാനവും സ്ത്രീശാക്തീകരണ ദാരിദ്ര്യനിർമാർജനത്തിനായി കേരളത്തിൽ നടപ്പാക്കുന്ന വിവിധ മാതൃകകളും വിശദമായി അവതരിപ്പിച്ചു. ഈ അനുഭവങ്ങളിൽ നിന്നാണ് കേരളത്തിന്റെ മികച്ച പ്രവർത്തനരീതികൾ സ്വന്തം സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ മറ്റ് സംസ്ഥാനങ്ങൾ താൽപര്യം പ്രകടിപ്പിച്ചത്.
സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സൺമാർ, നാഷണൽ റിസോഴ്‌സ് പേഴ്‌സൺമാർ, വിവിധ സംസ്ഥാനങ്ങളിലെ മിഷൻ ഡയറക്ടർമാർ, സ്റ്റേറ്റ് ലൈവ്ലിഹുഡ് മിഷൻ പ്രതിനിധികൾ, സ്റ്റേറ്റ് മിഷൻ മാനേജർമാർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ എന്നിവർ ഗ്രൂപ്പ് ചർച്ചകളിൽ പങ്കെടുത്തു.
എൻ.എം.എം.യു. ദേശീയ മിഷൻ മാനേജർ ഡോ. ജൂയി ഭട്ടാചാര്യ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ശ്യാം കുമാർ യു എന്നിവർ ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി .
ശിൽപ്പശാല ശനിയാഴ്ച സമാപിക്കും.
- Log in to post comments