ദേശീയപാതയിലെ വെള്ളക്കെട്ട് പ്രശ്‌നപരിഹാരത്തിന് സത്വര നടപടികൾ സ്വീകരിക്കും: ജില്ലാ കലക്ടർ
കൊല്ലം ചെങ്കോട്ട ദേശീയപാതയിൽ കടമ്പാട്ടുകോണം-ഇടമൺ മേഖലയിലെ വെള്ളക്കെട്ടിന്റെ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ ആനി ജൂല തോമസ്. ജില്ലയിലെ ദേശീയപാത നിർമാണം വിലയിരുത്താൻ ചേംബറിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിക്കവെ കടമ്പാട്ടുകോണം-ഇടമൺ തുടർ നിർമാണ പ്രവർത്തികൾക്ക് നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
ദേശീയപാതയോട് ചേർന്ന വിവിധയിടങ്ങളിൽ ബസ് ഷെൽട്ടർ നിർമാണപ്രവർത്തികൾക്ക് സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കും. കരുനാഗപള്ളി-പുതിയകാവ്, ചവറ-അംബികപ്പള്ളി മേഖലകളിൽ ബസ് ഷെൽട്ടർ നിർമാണത്തിന് സ്ഥലമേറ്റെടുപ്പിനുള്ള തടസം പരിഹരിക്കാൻ നടപടി സ്വീകരിക്കും. ഇടപ്പള്ളിക്കോട്ടയിൽ ഉയരപാത നിർമാണത്തിനുള്ള സാധ്യത പരിശോധിക്കും. കാവനാട്-ഓച്ചിറ മേഖലയിലെ നിർമാണ പ്രവർത്തനങ്ങളും ജില്ലാ കലക്ടർ വിലയിരുത്തി. ദേശീയപാത ഡെപ്യൂട്ടി കലക്ടർ എം ഉഷാകുമാരി, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments