എസ്.പി.സി 16ാം വാർഷികം ആഘോഷിക്കുന്നു
സ്റ്റുഡൻറ് കേഡറ്റ് പോലീസ് പദ്ധതിയുടെ 16ാം വാർഷികാഘോഷത്തിന്റെ കണ്ണൂർ സിറ്റി ജില്ലാ തല ഉദ്ഘാടനം ആഗസ്ത് രണ്ടിന് നടക്കും. അഞ്ചു വിദ്യാലയങ്ങളിലെ 200 കേഡറ്റുകളുടെ സെറിമോണിയൽ പരേഡ്രാവിലെ 9 മണിക്ക് പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. സിറ്റി പോലീസ് കമ്മീഷണർ ബി.വി വിജയ് ഭാരത് റെഡ്ഡി കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ച് എസ്.പി.സി പതാക ഉയർത്തും. തുടർന്ന് എസ്.പി.സി കേഡറ്റുകളെ തൂഫാൻ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ വളണ്ടിയർമാരായി പ്രഖ്യാപിച്ച് കേഡറ്റുകൾക്ക് ഫാൻ ബാഡ്‌ജ് അണിയിച്ചു കൊടുക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്യും. കഴിഞ്ഞ 16 വർഷം എസ്.പി.സി പദ്ധതി പ്രവർത്തനങ്ങൾക്ക് സംഭാവനകൾ നൽകിയ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർക്ക് കമ്മിഷണർ ഉപഹാരങ്ങൾ വിതരണം ചെയ്യും.
രാവിലെ 11 മണിക്ക് മീറ്റ് വിത്ത് ലീഡേർസ് പരിപാടിയിൽ ജില്ലാ കലക്ടർ പി. വിഷ്ണുരാജ് മുഖ്യാതിഥിയായി കേഡറ്റുകളുമായി സംവദിക്കും. തുടർന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 46 സ്കൂളുകളിലെ എസ്.പി.സി ലീഡർമാർക്ക് ലഹരി ബോധവൽക്കരണ പരിശീലക പരിശീലനം നൽകും. ഉച്ച രണ്ട് മണിക്ക് എസ്.പി.സി സ്കൂൾ തല പ്രവർത്തനങ്ങൾ സജീവമാക്കുന്നത് സംബന്ധിച്ച് ഗ്രൂപ്പ് ഡിസ്കഷൻ, വാർഷിക ആക്ഷൻ പ്ലാൻ തയ്യാറാക്കൽ എന്നിവയും നടക്കും.
- Log in to post comments