100 ദിനകര്‍മപരിപാടി വ്യവസായസംരംഭങ്ങള്‍ക്ക് ലൈസന്‍സ് പ്രക്രിയ ലളിതമാക്കും: മന്ത്രി ബിന്ദു കൃഷ്ണ
സംസ്ഥാനത്ത് വ്യവസായങ്ങള്‍ആരംഭിക്കുന്നതിന് നിലനില്‍ക്കുന്ന സങ്കീര്‍ണതപരിഹരിച്ച് ‘ഒരു സംസ്ഥാനം ഒരു ലൈസന്‍സ് സംവിധാനം' പദ്ധതിയിലൂടെ ലൈസന്‍സ് പ്രക്രിയ ലളിതമാക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ആശ്രാമം ശ്രീനാരായണഗുരു സമുച്ചയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ 100 ദിനകര്‍മപരിപാടിയുടെ ഭാഗമായി ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പിന്റെ വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വ്യവസായയൂണിറ്റുകളുടെയും തൊഴിലാളികളുടെയും സുരക്ഷാക്രമീകരണങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായ പദ്ധതികളാകും നടപ്പാക്കുക. വ്യവസായങ്ങള്‍ ആരംഭിക്കാന്‍ അനുകൂല അന്തരീക്ഷമൊരുക്കി കൂടുതല്‍ തൊഴിലവസരങ്ങളും ഉറപ്പാക്കും. വ്യവസായരജിസ്ട്രേഷന്‍ ഓണ്‍ലൈനാക്കും. നിര്‍മാണമേഖലയുടെ നട്ടെല്ലായ അതിഥിതൊഴിലാളി സമൂഹത്തിന്റെക്ഷേമം ഉറപ്പാക്കാന്‍ ഭവന-ക്ഷേമ പദ്ധതികളുമുണ്ടാകും. 500ല്‍ അധികം പദ്ധതികളാണ് 100 ദിനകര്‍മപരിപാടിയിലൂടെ ജനസമക്ഷത്തെത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിഥി തൊഴിലാളികള്‍ക്ക് സുരക്ഷാഅവബോധം ഹിന്ദിയിലൂടെ നല്‍കുന്ന ഹര്‍ ദിന്‍ സുരക്ഷിത് പദ്ധതി, ചെറുകിടസംരംഭങ്ങള്‍ക്ക് വേഗത്തില്‍ ലൈസന്‍സ് ലഭ്യമാക്കുന്ന വ്യവസായസൗഹൃദലൈസന്‍സിങ്, രജിസ്‌ട്രേഷന്‍ഇല്ലാത്ത ഫാക്ടറികളെ ബോധവല്‍ക്കരണത്തിലൂടെയും ലളിതമായ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയും ഔദ്യോഗികമായി രജിസ്‌ട്രേഷന്‍ പരിധിയില്‍ കൊണ്ടുവരുന്ന പദ്ധതി എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ഹര്‍ ദിന്‍ സുരക്ഷിത് പദ്ധതിയുടെ കൈപുസ്തക പ്രകാശനവും അതിഥിതൊഴിലാളികള്‍ക്കുള്ള ടി-ഷര്‍ട്ട്, തൊപ്പി എന്നിവയുടെ വിതരണവും നിര്‍വഹിച്ചു.
മേയര്‍ എ കെ ഹഫീസ് അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ കുരുവിള ജോസഫ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേര്‍സ് വകുപ്പ് ഡയറക്ടര്‍ ആര്‍ സൂരജ്കൃഷ്ണന്‍, ജോയിന്റ് ഡയറക്ടര്‍ ടി കെ ഷാബുജാന്‍, തൊഴിലാളിസംഘടനാ പ്രതിനിധികള്‍, ഫാക്ടറി തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments