*കാലവർഷക്കെടുതി: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം*
കാലവർഷത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ എം.എൽ.എ ഐ.സി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ സുൽത്താൻ ബത്തേരിയിൽ അവലോകന യോഗം ചേർന്നു. അപകട ഭീഷണിയുള്ള പ്രദേശങ്ങളിലെ മണ്ണിടിച്ചിൽ സാധ്യതകളും ഭൂവിള്ളലുകളും പരിശോധിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയോട് ശുപാർശ ചെയ്യാൻ യോഗം തീരുമാനിച്ചു. അപകട സാധ്യത നേരിടുന്ന കുടുംബങ്ങളെ അനുയോജ്യമായ പുനരധിവാസ പദ്ധതികളിൽ ഉൾപ്പെടുത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്നുള്ള നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് എം.എൽ.എ നിർദേശം നൽകി.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന എല്ലാവർക്കും യഥാസമയം ഭക്ഷണം, കുടിവെള്ളം, ആരോഗ്യപരിരക്ഷ, ശുചിത്വം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുകയാണ് പ്രധാനം. അപകട പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിച്ച് ആവശ്യമായ സാഹചര്യങ്ങളിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറാൻ തയ്യാറാകണമെന്നും എം.എൽ.എ അറിയിച്ചു.
സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, തഹസിൽദാർ വി. ആർ ജയപ്രകാശ്, ഡി.വൈ.എസ്.പി. എൻ. രാജേഷ് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യ, റവന്യൂ, പൊലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർമാർ, സ്റ്റേഷൻ ഹൗസ് ഓഫീസർമാർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments