Skip to main content

രേഖകള്‍ ലഭിച്ച സന്തോഷം പങ്കുവെച്ച് കാടിറങ്ങിയെത്തിയ ചോലനായ്ക്കര്‍

രേഖകള്‍ ലഭിച്ച സന്തോഷം മന്ത്രിയും എം.എല്‍.എയുമായി പങ്കുവെച്ച് കാടിറങ്ങിയെത്തിയ ചോലനായ്ക്കര്‍. ഏഷ്യയിലെ അവശേഷിക്കുന്ന ഗുഹാമനുഷ്യരായ ചോലനായ്ക്ക വിഭാഗത്തില്‍ നിന്നുള്ളവര്‍ കരുളായി ഉള്‍വനത്തിലെ മാഞ്ചീരിയില്‍ നിന്നും അമരമ്പലം പഞ്ചായത്തിലെ ചക്കിക്കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ വടക്കേകോട്ട മലവാരത്തിലെ അച്ചനളയില്‍ നിന്നുമാണ് മാനവേദന്‍ സ്‌കൂളിലെ രേഖാ അദാലത്തിനെത്തിയത്.

അച്ചനളയില്‍ നിന്നും കാട്ടിനുള്ളിലൂടെ എട്ടു കിലോ മീറ്ററോളം കാല്‍നടയായി ചക്കിക്കുഴി ഫോറസ്റ്റ് സ്‌റ്റേഷനിലെത്തിയ മൂപ്പന്‍ മാതനടങ്ങുന്ന ആറംഗ സംഘത്തെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി.എസ് അച്യുതനും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ.മനോജ് കുമാറുമാണ് വനംവകുപ്പിന്റെ വാഹനത്തില്‍ അദാലത്തിനെത്തിച്ചത്.

വന വിഭവങ്ങള്‍ ശേഖരിച്ച് കഴിയുന്ന ചോലനായ്ക്കര്‍ വനത്തില്‍ നിന്നും പുറത്തിറങ്ങാത്ത വിഭാഗമാണ്.  

മൂപ്പന്‍ മാതന്‍, വീരന്‍, കാടന്‍, സുനില്‍, കേത്തന്‍, വെളുത്ത എന്നിവര്‍ ആരോഗ്യ കാര്‍ഡും ജാതി സര്‍ട്ടിഫിക്കറ്റും സ്വന്തമാക്കി. രണ്ടു പേര്‍ക്ക് ബാങ്ക് അക്കൗണ്ടും ഒരാള്‍ക്ക് റേഷന്‍ കാര്‍ഡും ലഭിച്ചു. ഈ സന്തോഷം മന്ത്രി കെ.എ തുളസിയോടും ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എയോടും പങ്കുവെച്ചാണ് ഇവര്‍ മടങ്ങിയത്. കരുളായി ഉള്‍വനത്തിലെ മാഞ്ചീരിയില്‍ നിന്നും 20 പേരെയാണ് വനംവകുപ്പ് വാഹനത്തില്‍ സര്‍ട്ടിഫിക്കറ്റിനായി അദാലത്തില്‍ എത്തിച്ചത്.

date