Skip to main content

വട്ടിയൂർക്കാവിലേക്ക് പ്രിയദർശിനി ബസുകൾ; മന്ത്രി കെ.മുരളീധരൻ ഫ്‌ളാഗ് ഓഫ് ചെയ്തു

വട്ടിയൂർക്കാവ് മണ്ഡലത്തിൽ രണ്ട് പുതിയ പ്രിയദർശിനി ബസ് സർവീസുകൾ കൂടി ആരംഭിച്ചു. പേരൂർക്കട ഡിപ്പോയിൽ നിന്നും വികാസ് ഭവൻ ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന പുതിയ റൂട്ടുകളുടെ ഫ്‌ളാഗ് ഓഫ് ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളിധരൻ നിർവഹിച്ചു.

പേരൂർക്കട ഡിപ്പോയിൽ നിന്ന് കിഴക്കേക്കോട്ട -വട്ടിയൂർക്കാവ് -മലമുകൾ റൂട്ടിലും, വികാസ് ഭവൻ ഡിപ്പോയിൽ നിന്ന് പട്ടം-കുന്നുകുഴി വാർഡുകളെ ബന്ധിപ്പിച്ച് കിഴക്കേക്കോട്ട-കണ്ണമ്മൂല-മെഡിക്കൽ കോളേജ്-ചെമ്പഴന്തി-പോത്തൻകോട് റൂട്ടിലുമാണ് പുതിയ സർവീസുകൾ.  

വട്ടിയൂർക്കാവ് മണ്ഡലത്തിലെ യാത്രാ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രണ്ടു പുതിയ റൂട്ടുകൾ കൂടി അനുവദിച്ചതെന്ന് ഫ്‌ളാഗ് ഓഫ് ചടങ്ങിൽ മന്ത്രി കെ.മുരളീധരൻ പറഞ്ഞു. പേരൂർക്കട, വികാസ് ഭവൻ ഡിപ്പോകളുടെ വികസനത്തിനായി ക്രിയാത്മക പദ്ധതികൾ നടപ്പാക്കും. പേരൂർക്കട ഡിപ്പോയിൽ 9 കോടിയോളം രൂപയുടെ വികസന പദ്ധതികളും ജീവനക്കാർക്കുള്ള വിശ്രമകേന്ദ്രങ്ങളടക്കമുള്ള നവീകരണ പ്രവർത്തനങ്ങളും സർക്കാരിന്റെ പരിഗണനയിലാണ്. എം.എൽ.എ-എം.പി ഫണ്ടുകൾ ഉൾപ്പെടെ ഇതിനായി വിനിയോഗിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വികാസ് ഭവൻ ഡിപ്പോയിൽ പുതിയ മാസ്റ്റർപ്ലാൻ തയാറാക്കി മാറ്റങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. 

കുന്നുകുഴി വാർഡ് കൗൺസിലർ മേരി പുഷ്പം അധ്യക്ഷത വഹിച്ച ചടങ്ങിൽ പേരൂർക്കട അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ ഗോപകുമാർ, വികാസ് ഭവൻ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ ഗിരീഷ് കുമാർ, ഇരു ഡിപ്പോകളിലേയും ജീവനക്കാർ എന്നിവർ പങ്കെടുത്തു.

date